ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന് മൂന്നു ഡോളറിനു മുകളിൽ എത്തി നിൽക്കുന്നു. മഹാമാരിയുടെ വ്യാപനത്തിൽ പൊറുതിമുട്ടി കഴിയുന്ന സാധാരണ ജനങ്ങളെ സംബന്ധിച്ചു കുതിച്ചുയരുന്ന ഗ്യാസിന്റെ വിലയ്ക്കൊപ്പം നിത്യോപയോഗ സാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നത് താങ്ങാവുന്നതിലപ്പുറമായിരിക്കുന്നു.

പണപ്പെരുപ്പവും, തൊഴിലില്ലായ്മയും വർദ്ധിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചു ഇതിനു തുല്യമായ ശമ്പള വർദ്ധനവ് ഇല്ലാ എന്നുള്ളതാണ് ദുഃഖകരമായ വസ്തുത.

ഇന്ത്യൻ സ്റ്റോറുകളിലും, മലയാളി കടകളിലും ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില മൂന്നിരട്ടിയാണ് വർദ്ധിച്ചിരിക്കുന്നത്. രണ്ടു മാസങ്ങൾക്കുമുമ്പ് ഒരു കണ്ടെയ്നർ ഡാളസ്സിൽ എത്തണമെങ്കിൽ 3000 ഡോളർ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 ഉം 16 ആയിരം ഡോളറാണ് നൽകേണ്ടിവരുന്നതെന്ന് കടയുടമകൾ പറയുന്നു.

25 ഡോളറിന് താഴെ ലഭിച്ചിരുന്ന 30 പൗണ്ട് കറിക്ക് ഉപയോഗിക്കുന്ന ഓയലിന് 50നും അറുപതിനുമാണ് ഇപ്പോൾ വില്പന നടത്തുന്നത്. അതുപോലെ ഒരു മാസം മുമ്പു വരെ 50 സെന്റിന് ലഭിച്ചിരുന്ന ഒരു പൗണ്ടു സവോളയുടെ വില ഒന്നര ഡോളറായി വർദ്ധിച്ചിരിക്കുന്നു. ഒരു ഡോളറിന് ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പൗണ്ടിന് 4 ഡോളറിന് മുകളിലാണ്. ഇഞ്ചി, മുളക് എന്നിവക്കും 200 ശതമാനത്തിലേറെ വില വർദ്ധിച്ചിരിക്കുന്ന. ഈ വിലവർദ്ധന ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതു മലയാളി സമൂഹത്തെയാണ്. ഇത്ര വില വർദ്ധനയുണ്ടായിട്ടും ഇതിനെതിരെ ശബ്ദിക്കാൻ ആരുമില്ല എന്നതും ആശ്ചര്യകരമാണ്.