ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23-നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധനയ്ക്കിടയിൽ ഡപ്യുട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു.

ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ കൈകാണിച്ച് നിർത്തിയ ടൊയോട്ട കാർ ഡ്രൈവർ പുറത്തിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായി ഓഫീസർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മാരക പ്രഹരശേഷിയുള്ള തോക്കാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

വെടിയേറ്റ പൊലീസ് ഓഫീസർ 47 വയസുള്ള ചാൾസ് ഗല്ലൊവ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. വെടിവയ്പിനുശേഷം വാഹനത്തിൽ കയറി രക്ഷപെട്ട പ്രതിയെ പൊലീസിനു പിടികൂടാനായിട്ടില്ല. ഹിസ്പാനിക്ക് യുവാവാണ് വെടിവച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം പൊലീസ് സ്ഥിരീകരിച്ചു. 12 വർഷമായി ഹാരിസ് കൗണ്ടി പ്രസിങ്റ്റ് 5-ൽ ഡപ്യൂട്ടിയായി പ്രവർത്തിക്കുകയായിരുന്നു ചാൾസ്. അടുത്തിടെ ഫീൽഡ് ട്രെയിനിങ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

മൂന്നുമാസം മുമ്പാണ് ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ കരീം ആറ്റ്കിൻഡ് (30) ഹൂസ്റ്റൺ സ്പോട്സ് ബാറിനു മുന്നിൽ വെടിയേറ്റ് മരിച്ചത്.

പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കണമെന്ന് ചീഫ് ട്രോപ്പ് ഫിന്നർ അറിയിച്ചു.