- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖുർആൻ മലയാളം മലയാളികൾക്കുള്ള വിലപ്പെട്ട സമ്മാനം :വി.ഡി. സതീശൻ
ദോഹ: വിശുദ്ധ ഖുർആന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനം എന്ന് ലോകം വിലയിരുത്തിയിട്ടുള്ള അബ്ദുല്ല യൂസുഫ് അലിയുടെ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റമായ 'മലയാളം ഖുർആൻ' മുഴുവൻ മലയാളികൾക്കുമുള്ള വിലപ്പെട്ട സമ്മാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.ൽെ. എ അഭിപ്രായപ്പെട്ടു. തന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ മലയാള വിവർത്തകനായ വി.വി.എ. ശുക്കൂറിൽ നിന്ന് ഗ്രന്ഥം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
1934-ൽ അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ തയാറാക്കിയ വിശ്വവിഖ്യാതമായ ഖുർആൻ വിവർത്തനവും വ്യാഖ്യാനവും ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടതാണ്. പരമ്പരാഗത രീതിയിലുള്ള ഖുർആൻ വ്യാഖ്യാനത്തിനപ്പുറം ഖുർആന്റെ ആശയപ്രകാശനത്തിന് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് ഇതര മതവിശ്വാസികൾക്കു കൂടി ഉൾകൊള്ളാൻ കഴിയുന്ന ഭാഷയിലും ശൈലിയിലും അതിനെ അവതരിപ്പിച്ചു എന്നതാണ് അബ്ദുല്ല യൂസുഫ് അലിയുടെ വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തിന്റെ വലിയ സവിശേഷത.
അബ്ദുല്ല യൂസുഫ് അലിയുടെ ലോകപ്രസിദ്ധ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥം പ്രശസ്ത എഴുത്തുകാരനും പത്രാധിപരുമായ വി.വി.എ. ശുക്കൂർ മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുകയാണ്. തീർച്ചയായും മലയാളികൾക്ക് വിലപ്പെട്ട സമ്മാനമായാണ് ഇത് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആന്റെ ഏറ്റവും മനോഹരമായ വ്യാഖ്യാനം എന്ന് ലോകം വിലയിരുത്തിയിട്ടുള്ള യൂസുഫ് അലിയുടെ ഇംഗ്ലീഷ് വ്യാഖ്യാന ഗ്രന്ഥം വായിക്കാൻ കഴിയാതെപോയ മലയാളികൾക്ക് ഈ മലയാള വിവർത്തനം ഏറെ ഗുണം ചെയ്യും.ശ്രമകരമായ വിവർത്തനം നിർവഹിച്ച വി.വി.എ. ശുക്കൂറിനെ പ്രത്യേകം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ശുദ്ധ മലയാളത്തിലുള്ള ഈ 'ഖുർആൻ മലയാളം' കൂടുതൽ ആളുകൾ വായിക്കുകയും അതുവഴി വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് കൂടുതലായി മനസിലാക്കുന്നതിന് ഇടവരികയും ചെയ്യട്ടെ എന്ന് പ്രതിപക്ഷ നേതാവ് ആശംസിച്ചു.
മുസ്ലിം കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാനും എ.ഐ.സി.സി. ന്യൂനപക്ഷ വകുപ്പ് അഖിലേന്ത്യാ വൈസ് ചെയർമാനുമായ ഇഖ്ബാൽ വലിയവീട്ടിൽ, എം.സി.എഫ്. സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.എം. അമീർ, ജില്ലാ വൈസ് ചെയർമാൻ മജീദ് എളമന എന്നിവർ സംബന്ധിച്ചു.