ഓസ്റ്റിൻ(ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച പുറത്തിറക്കിയ മെമോയിലാണ് ബൈഡൻ ഹാരിസ് അഡ്‌മിനിസ്ട്രേഷന്റെ പുതിയ പോളിസിയെകുറിച്ച് പ്രതിപാദിക്കുന്നത്. ടെക്സസ്സിലെ 7000 ഫെഡറൽ എംപ്ലോയ്സിന് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ്, വെറ്ററൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ അമേരിക്കയിൽ ജോലിയിലായിരിക്കുന്ന 70,000 പേർക്കും ഈ ആനുകൂല്യം ജനുവരി 30 മുതൽ ലഭിക്കും.

കഴിഞ്ഞ വർഷം ഏപ്രിൽ മാസമാണ് ജീവനക്കാരുടെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേതനം മണിക്കൂറിന് 15 ഡോളറാക്കി ഉയർത്താനുള്ള നടപടികൾ ബൈഡൻ പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാർട്ടിയും, സംഘടിത തൊഴിലാളി ഗ്രൂപ്പുകളും അമേരിക്കയിലെ മുഴുവൻ ജീവനക്കാർക്കും മണിക്കൂറിന് 15 ഡോളർ നൽകണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ചു ഒരു നിർദ്ദേശവും കോൺഗ്രസ്സിൽ ഇതുവരെ വന്നിട്ടില്ല. ഇപ്പോൾ ദേശീയ മിനിമം വേതനം മണിക്കൂറിന് 7.25 ഡോളറാണ്.