- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഡും പാലുമടക്കം സർവ്വ സാധനങ്ങൾക്കും വില കൂടി; കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങൾക്കായി 780 യൂറോ വരെ ഈ വർഷം അധികം കരുതേണ്ടി വരും; അയർലന്റിൽ മലയാളികളടക്കം ഉള്ളവരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും
2021-നെ അപേക്ഷിച്ച് വരും വർഷത്തിൽ ഒരു കുടുംബത്തിന് പലചരക്ക് സാധനങ്ങൾക്കായി 780 യൂറോവരെ കൂടുതൽ ചെലവഴിക്കേണ്ടി വന്നേക്കാം.കാരണം ഈയിടെയായി അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം വില ഇനിയും മേൽപ്പോട്ട് തന്നെയായിരിക്കുമെന്നും, പലവ്യഞ്ജനങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
ബ്രെഡ്, പാൽ, പാസ്ത, ചായ, വെണ്ണ തുടങ്ങിയ പ്രധാന സാധനങ്ങളുടെ വില കഴിഞ്ഞ മാസം മൂന്നിലൊന്ന് വരെ ഉയർന്നു.ഇവയ്‌ക്കൊക്കെ 10% മുതൽ 30% വരെയാണ് വില വർദ്ധിച്ചത്. ഇത് തുടരുകയും, ആഴ്ചയിൽ 15 യൂറോ ശരാശരി വില വർദ്ധന സംഭവിക്കുകയും ചെയ്താൽ, ഈ വർഷം സാധാരണക്കാർ ശരാശരി 780 യൂറോയോ, അതിലധികമോ പലവ്യഞ്ജനങ്ങൾക്കായി അധികം ചെലവാക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതു പലചരക്ക് സാധനങ്ങളുടെ വില 5.5% വർദ്ധിച്ചതായി ഒരു പുതിയ റിപ്പോർട്ട് കാണിക്കുന്നു.സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ വില വർദ്ധനവ് 20 വർഷത്തിനിടെ അയർലണ്ടിലെ ഏറ്റവും വലിയ കുതിപ്പാണ്. ഡിസംബറിൽ ഉടനീളം ഏറ്റവും ഉയർന്ന വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുണ്ട്.
അതേസമയം ഇത് അവശ്യഭക്ഷ്യസാധനങ്ങളുടെ മാത്രം കാര്യമാണ്. യൂട്ടിലിറ്റി ബില്ലുകളുടെ ചെലവ് 500 യൂറോയിലേറെ വർദ്ധിച്ചതും, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കുറഞ്ഞത് 40 സെന്റ് വർദ്ധിച്ചതും ഇതിന് പുറമെയുള്ള ചെലവുകളാണ്. ഇന്ധന വില വർദ്ധിച്ചതിനാൽ ഈ വർഷം വാഹന ഉടമകൾ ഇന്ധനത്തിനായി ശരാശരി 500 യൂറോ അധികം മുടക്കേണ്ട സ്ഥിതിയാണ്.
അതായത് ഇവയെല്ലാം കൂടി ചേരുമ്പോൾ ഈ വർഷത്തെ ശരാശരി ജീവിതച്ചെലവിൽ 2,000 യൂറോ കൂടി അധികമാകുമെന്ന് സാരം.