ദോഹ: കോവിഡ് പോസിറ്റീവാകുന്നവരുടെ ഐസൊലേഷൻ കാലാവധി ഏഴ് ദിവസമാക്കി കുറച്ചു. നേരത്തെ ഇത് 10 ദിവസമായിരുന്നു. കോവിഡ് രോഗികൾക്ക് ലഭിക്കുന്ന സിക്ക് ലീവുകളുടെ എണ്ണവും പത്തിൽ നിന്ന് ഏഴാക്കി കുറച്ചിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

കോവിഡ് പോസിറ്റീവായ ഭൂരിപക്ഷം പേർക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ബേധമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷൻ കാലാവധി കുറച്ചത്. മെഡിക്കൽ സെന്ററുകളിൽ പരിശോധന നടത്തി കോവിഡ് പോസിറ്റീവാകുന്നവർക്ക് ഇഹ്തിറാസ് ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് റെഡ് ആയി മാറുകയും ഒപ്പം അവർ ഏഴ് ദിവസത്തെ സിക്ക് ലീവിന് അർഹരാവുകയും ചെയ്യും. ഇവർ ഏഴാം ദിവസം അംഗീകൃത സെന്ററിൽ നിന്ന് ആന്റിജൻ പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവാണെങ്കിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ സ്റ്റാറ്റസ് ഗ്രീൻ ആവുകയും ഐസൊലേഷൻ അവസാനിപ്പിക്കുകയും ചെയ്യാം. എട്ടാം ദിവസം മുതൽ ജോലിക്ക് പോകാനും അനുമതിയുണ്ടാകും.

ആന്റിജൻ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാൽ മൂന്ന് ദിവസം കൂടി ഐസൊലേഷനിൽ തുടരണം. അതിന് ശേഷം ടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാം. കോവിഡ് ബാധിച്ചവർക്കുള്ള മെഡിക്കൽ ലീവും ഇതോടൊപ്പം വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തെ 10 ദിവസമാണ് ലീവ് അനുവദിച്ചിരുന്നത്. ഇനിമുതൽ എട്ടാം ദിവസം ദിവസം ജോലിക്ക് ഹാജരാകണം.