- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരുടെ ശമ്പളചെലവ് അംഗീകരിക്കണമെന്ന് കെഎസ്ഇബി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളചെലവ് അംഗീകരിക്കണമെന്ന് കെഎസ്ഇബി ആവശ്യം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാൻ സാധ്യതയേറി. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചെലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചാൽ, പ്രവർത്തന ചെലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.
6196 ജീവനക്കാർക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നു. തെളിവെടുപ്പ് നടത്തി ബോർഡിന്റെ ആവശ്യം കമ്മീഷൻ അംഗീകരിച്ചാൽ പ്രവർത്തന ചെലവിൽ 350 കോടിയോളം രൂപ അധികമാകും.
വൈദ്യുതി നിരക്കിൽ ഇത് പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ യൂണിറ്റിന് 15 പൈസയെങ്കിലും കൂടും. 27,175 ജീവനക്കാരെയാണ് 2009 വരെ കമ്മീഷൻ അംഗീകരിച്ചത്. കെഎസ്ഇബി പ്രവർത്തനത്തിന് ഇത്രയും ജീവനക്കാർ മതിയെന്നായിരുന്നു കമ്മീഷന്റെ വിലയിരുത്തൽ. എന്നാലിത് 33,371 ജീവനക്കാരായെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.
അതുകൊണ്ടുതന്നെ ഇവരുടെ ശമ്പളവും അംഗീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ ജീവനക്കാരുടെ ചെലവ് വർധിപ്പിക്കാതെ കാര്യക്ഷമത കൂട്ടണമെന്ന നിർദ്ദേശമാണ് നേരത്തെ കെഎസ്ഇബിക്ക് കമ്മീഷൻ നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ആവശ്യം അംഗീകരിക്കുമോ എന്നകാര്യം ചോദ്യചിഹ്നമായി തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ