വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയം അവസാന ദിനങ്ങളിലേക്ക്. നിലവിൽ ജനുവരി 31 വരെ കരാർ രജിസ്റ്റർ ചെയ്യാനുള്ള സമയമാണ് തൊഴിലുടമക്കും തൊഴിലാളികൾക്കും തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ളത്.

തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന് തൊഴിലുടമയോ തൊഴിലാളിയോ ആർ.ഒ.പിയുടെ സിവിൽ സെന്‌ററിലെത്തി പി.കെ.ഐ (ആറക്ക നമ്പർ) രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. നേരിട്ടോ കമ്പനിയുടെ ഉത്തരവാദപ്പെട്ട ആളുകൾക്കോ ആർ.ഒ.പിയുടെ സെന്‌റിലെത്തി ആറക്ക നമ്പർ ഉണ്ടാക്കാൻ കഴിയും. ഇതിന് പ്രത്യേകമായി ഒരുവിധ ഫീസും നൽകേണ്ടതില്ല.

ഈ ആറക്ക നമ്പറും തൊഴിലുടമയുടെ പി.കെ.ഐ നമ്പറും ഉപയോഗിച്ച് കമ്പനികളാണ് കരാർ മിനിസ്ട്രി ഓഫ് മാൻ പവർ ഒമാന്റ ഔദ്യോഗിക വെബ്‌സൈറ്റായ www.mol.gov.omൽ രജിസ്റ്റർ ചേയ്യേണ്ടത്. ഒരു റിയാലാണ് ഫീസ്. ഏതെങ്കിലും സനദ്‌സെന്‌റർ മുഖേനയോ കാർഡ് റീഡർ ഉള്ള കമ്പ്യൂട്ടർ മുഖേനയോ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

തൊഴിലുടമ മേൽപറഞ്ഞ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾ നൽകാം. ശമ്പളം, തൊഴിൽ സമയം, വാർഷിക അവധി, അടിസ്ഥാന ശമ്പളം, മുഴുവൻ സാലറി, മറ്റ് അലവൻസുകൾ എന്നിവ സമർപ്പിക്കണം. ഇതിന് ശേഷം ആറക്ക പിൻനമ്പർ എടുത്തിട്ടുള്ള റസിഡന്‌റ് കാർഡ് വഴി തൊഴിലാളിയുടെ സിവിൽ ഐ.ഡി ഉപയോഗിച്ച് മാത്രമേ ഈ തൊഴിൽ കരാറിന് അംഗീകാരം നൽകാൻ കഴിയുകയുള്ളൂ. വിദേശ തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ കരാർ അംഗീകാരം കൊടുക്കുന്നതിന് മുമ്പ് തൊഴിലുടമ സബ്മിറ്റ് ചെയ്ത കരാറിന്റ വിവരങ്ങൾ പരിശോധിക്കാൻ സാധിക്കും.

കരാറിൽ നൽകിയ വിവരങ്ങൾ ഓഫർ ലെറ്ററിലുള്ളതുതന്നെയാണോ എന്ന് ഉറപ്പ് വരുത്തണം. അടിസ്ഥാന ശമ്പളം എത്രയാണ് എന്ന് നോക്കണം. കാരണം ഭാവിയിൽ വിദേശ തൊഴിലാളിയുടെ ഗ്രാറ്റ്‌വിറ്റി കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ്. കിട്ടിക്കൊണ്ടിരിക്കുന്ന സാലറിക്ക് വിഭിന്നമായാണ് കരാർ സബ്മിറ്റ് ചെയ്തിരിക്കുന്നതെങ്കിൽ തൊഴിലാളിക്ക് വേണമെങ്കിൽ അംഗീകാരം നൽകാതെ തൊഴിൽ കരാർ റിജക്ട് ചെയ്യാം. പ്രഫഷനിൽ മാറ്റമുണ്ടായാലോ വിസ കാലാവധി കഴിഞ്ഞാലോ കരാർ പുതുക്കി രജിസ്റ്റർ ചെയ്യണം.