വാഷിങ്ടൺ ഡി.സി: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ആരംഭം മുതൽ ആലപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ഇഷ്ടഗാനമായ 'അബൈഡ് വിത്ത് മീ' ഒഴിവാക്കിയതിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ശക്തമായി പ്രതിഷേധിക്കുന്നതായി സംഘടനയുടെ പ്രസിഡന്റ് കോശി ജോർജ് പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ 73 വർഷമായി ഇന്ത്യൻ ആർമി ബാന്റിന്റെ അകമ്പടിയോടെ റിപ്പബ്ലിക് ദിന പരേഡിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയിരുന്ന ഈ ഗാനം ഈ വർഷത്തെ പരേഡിൽ നിന്ന് ഒഴിവാക്കിയത് മോദി ഗവൺമെന്റിന്റെ തരംതാണ പ്രവർത്തനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ക്രിസ്തീയ വിശ്വാസത്തോടുള്ള വെറുപ്പ് മോദി സർക്കാരിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നതാണ് പരേഡിൽ നിന്നും ഗാനം ഒഴിവാക്കിയത് സൂചിപ്പിക്കുന്നതെന്നും കോശി ആരോപിച്ചു.

ബ്രിട്ടീഷ് ഭരണത്തിലാണ് ക്രിസ്ത്യൻ വിശ്വാസം ഇന്ത്യാ സാമ്രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെട്ടതെന്നാണ് ഹിന്ദു നാഷണലിസ്റ്റുകൾ കരുതുന്നതെന്നും, എന്നാൽ എ.ഡി 52-ൽ തോമസ് അപ്പസ്തോലനാണ് ക്രിസ്തീയ സന്ദേശം ഇവിടെ പ്രചരിപ്പിച്ചതെന്നും ഫിയക്കോന ബോർഡ് മെമ്പർ ജോൺ മാത്യു പറഞ്ഞു.

കൊളോണിയിൽ അധികാരത്തിനെതിരേ മഹാത്മജിയുടെ ആശയങ്ങളിൽ ആവേശഭരിതരായി ക്രിസ്ത്യൻ മിഷണറിമാർ പ്രവർത്തിച്ചിരുന്നുവെന്ന യാഥാർത്ഥ്യം മോദിയും, അദ്ദേഹം ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടിയും ബോധപൂർവ്വം വിസ്മരിക്കുകയാണെന്ന് ഫിയക്കോനയുടെ മറ്റൊരു ഡയറക്ടറും അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, സിക്ക്, ബുദ്ധിസ്റ്റ് ആരാധനാലയങ്ങളിൽ ജനുവരി 30-ന് ഈ ഗാനം ആലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.