കൊച്ചി: തിയേറ്ററുകളുടെ പ്രവർത്തനം ഞായറാഴ്ച തടഞ്ഞതിനെതിരെ ഉടമകളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം അംഗീകരിച്ചില്ല. നിലവിലെ സാഹചര്യം തിയേറ്റർ ഉടമകൾ മനസ്സിലാക്കണമെന്നു ഹൈക്കോടതി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്കെതിരെ ആണ് തിയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഞായറാഴ്ചത്തെ നിയന്ത്രണത്തിൽ തിയറ്ററുകൾ അടച്ചിടാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് തിയറ്ററുകൾ ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ചയും വരുന്ന ഞായറാഴ്ചയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചത്. ആൾക്കൂട്ടം തടയുന്നതിന് മാളുകളും തിയറ്ററുകളും അടക്കം അന്നേദിവസം അടച്ചിടാനാണ് സർക്കാർ നിർദ്ദേശിച്ചത്. ഇതിനെതിരെയാണ് തിയറ്ററുകൾ ഹൈക്കോടതിയെ സമീപിച്ചത്. പകുതി പേരെ മാത്രം പ്രവേശിപ്പിക്കാൻ അനുവദിച്ച് ഞായറാഴ്ചകളിൽ തിയറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നതാണ് ഹർജിയിലെ ആവശ്യം.

കോവിഡ് അതിവ്യാപനം നേരിടുന്ന തിരുവനന്തപുരത്തെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ തിയറ്ററുകളും നീന്തൽക്കുളങ്ങളും ജിമ്മുകളും അടച്ചിടണം. തിരുവനന്തപുരം ജില്ലയിലെ പൂർണ അടച്ചിടലിൽ നിന്ന് തിയറ്ററുകളെ ഒഴിവാക്കണമെന്നും ഹർജിയിൽ പറയുന്നു.

തിരുവനന്തപുരത്തെ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം നീതികരിക്കാനാകാത്തതെന്നാണ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ കഴിഞ്ഞദിവസം പ്രതികരിച്ചത്. മാളുകളും ബാറുകളും പ്രവർത്തിക്കുന്നുണ്ട്. വൈറസ് തിയേറ്ററിൽ മാത്രം കയറും എന്നത് എന്ത് യുക്തിയാണെന്നും അദ്ദേഹം ചോദിച്ചു.