മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥൻ ഉത്തരവിട്ടു.

റോപ് വെയോട് അനുബന്ധിച്ച് ബോട്ട് ജെട്ടിക്കായി കോൺക്രീറ്റ് പില്ലറുകളടക്കമുള്ള അനധികൃത നിർമ്മാണങ്ങളിൽ നടപടിയെടുക്കണമെന്നും ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നടപടിക്രമങ്ങൾ മാർച്ച് 31ന്‌സെക്രട്ടറി ഓംബുഡ്‌സ്മാനിൽ റിപ്പോർട്ട് ചെയ്യണം.

റോപ് വെ പൊളിക്കാൻ 1,47000 രൂപയുടെ ക്വട്ടേഷൻ പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചതായും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് 20160 രൂപ ചെലവായതായും പഞ്ചായത്ത് സെക്രട്ടറി ഓമാന അമ്മാളു ഓംബുഡ്‌സ്മാനെ അറിയിച്ചു.എംഎ‍ൽഎയുടെ ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് 15 ദിവസം കൂടുതൽ സമയം തേടി നൽകിയ കത്ത് പഞ്ചായത്ത് തള്ളിയതായും എസ്റ്റിമേറ്റടക്കം തയ്യാറാക്കുന്നതിലുണ്ടായ കാലതാമസമാണ് ഉത്തരവ് നടപ്പാക്കാൻ വൈകിയതെന്നും സെക്രട്ടറി വിശദീകരിച്ചു.

റോപ് വെക്കൊപ്പം ബോട്ട് ജെട്ടിക്കായുള്ള കോൺക്രീറ്റ് പില്ലറുകളടക്കമുള്ള അനധികൃത നിർമ്മാണങ്ങളുണ്ടെന്ന് പരാതിക്കാരൻ എംപി വിനോദ് വ്യക്തമാക്കിയതോടെയാണ് ഇവക്കെതിരെയും നടപടിയെടുക്കാൻ ഓംബുഡ്‌സ്മാൻ നിർദ്ദേശം നൽകിയത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാൻ ഓംബുഡ്‌സ്മാൻ ഉത്തരവ് നൽകിയിരുന്നെങ്കിലും സാങ്കേതിക തടസങ്ങളുയർത്തി ഊർങ്ങാട്ടിരി പഞ്ചായത്ത് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ നേരത്തെ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 ൽ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. ഇതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.