കൊല്ലം: വനിതാ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ. ക്വട്ടേഷൻ അനുസരിച്ച് യുവാവിനെ മർദ്ദിച്ച അക്രമി സംഘം മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. കൊല്ലം തൊടിയൂരിൽ ഉണ്ടായ അതിക്രമത്തിന് പിന്നിലെ പത്തംഗ സംഘത്തിലെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ച കരുനാഗപ്പള്ളിക്കടുത്ത് തൊടിയൂരിലാണ് അക്രമം അരങ്ങേറിയത് . തൊടിയൂർ സ്വദേശി അമ്പാടിയെന്ന ഇരുപത്തിയേഴുകാരനെയാണ് അക്രമി സംഘം വീട്ടിൽ കയറി വളഞ്ഞിട്ട് തല്ലിയത്.

കരസേന ഉദ്യോഗസ്ഥനായ സന്ദീപിന്റെ നിർദ്ദേശമനുസരിച്ചാണ് അക്രമി സംഘം യുവാവിനെ മർദ്ദിച്ചത്. സന്ദീപിന്റെ വനിതാ സുഹൃത്തിനോട് അമ്പാടി അപമര്യാദയായി പെരുമാറിയതിനുള്ള പ്രതികാരമായിട്ടായിരുന്നു മർദ്ദനം. പ്രതിഫലമായി ലഹരി മരുന്ന് നൽകിയാണ് സന്ദീപ് യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

ബ്ലാക്ക് വിഷ്ണു, അലി ഉമ്മർ , മണി, നബീൽ, ഗോകുൽ , ചന്തു , ഫൈസൽ ഖാൻ എന്നീ പ്രതികളാണ് അറസ്റ്റിലായത്. പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെല്ലാം . ചിലർ മുമ്പും കേസുകളിൽ പ്രതികളാണ്. സൈനികന്റെ നിർദ്ദേശപ്രകാരം അക്രമികൾ തന്നെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

ഈ ദൃശ്യങ്ങൾ സൈനികൻ വനിതാ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ജയ്പൂരിൽ ജോലി ചെയ്യുന്ന സൈനികൻ സന്ദീപിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി പൊലീസ് .