വാഷിങ്ടൺ ഡിസി: യുഎസ് ആർമിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാൻ അമേരിക്കൻ ഭരണകൂടം. പ്രതിരോധ മന്ത്രാലയമായ പെന്റഗൺ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉക്രെയ്ൻ അതിർത്തിയിൽ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുള്ളത് കണക്കുകൂട്ടി പ്രതിരോധിക്കാൻ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാൻ നിർദ്ദേശം.

ഉക്രെയ്‌ന് നിരവധി യൂറോപ്യൻ രാഷ്ട്രങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാൽ ഇത് യൂറോപ്യൻ രാജ്യങ്ങളുടെ അഭിമാന പ്രശ്‌നമാണ്. മറ്റുള്ള യൂറോപ്യൻ രാഷ്ട്രങ്ങളിലെ സൈനികർ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡൻ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാൽ പ്രതികരിക്കാൻ വേണ്ടി ബ്രിട്ടനും യുഎസും യുക്രെയ്‌ന് മിസൈലുകൾ അടക്കമുള്ള പ്രതിരോധ ആയുധങ്ങൾ നൽകിയിരുന്നു.

ഉക്രയിനിൽ അമേരിക്ക ആയുധങ്ങൾ നിറയ്ക്കുകയാണെന്ന പരാതിയുമായി റഷ്യയും സജീവമാകുന്നുണ്ട്. അമേരിക്കയും നാറ്റോ സേനയും നടത്തുന്ന നീക്കങ്ങൾ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റഷ്യയുടെ ശ്രമം. റഷ്യയോട് ചേർന്ന അതിർത്തിയിലാണ് ആയുധങ്ങൾ നിറയ്ക്കുന്നത്. ഈ മേഖലയെ ഇത് സംഘർഷത്തിലാക്കുന്നുവെന്ന് റഷ്യയും ആരോപിക്കുന്നു.

അതിനിടെ വിമാനവാഹിനിയിൽ പറന്നിറങ്ങവേ യുദ്ധവിമാനം കടലിൽ വീണു. യുഎസ് പസഫിക് ഫ്‌ളീറ്റ് കമാൻഡിലെ വിമാനവാഹിനിക്കപ്പലായ യുഎസ് എസ് കാൾ വിൻസണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലിൽ ഫിലിപ്പിൻസ് തീരത്തിനു സമീപമാണ് അപകടം. അപകടത്തിന് പിന്നിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാലും എല്ലാ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരിശീലനപ്പറക്കലിനായി പറന്നുയർന്ന എഫ്-35 യുദ്ധവിമാനം തിരിച്ചിറങ്ങവേയാണ് കടലിൽ വീണത്. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് യുഎസ് നേവി ട്വിറ്റ് ചെയ്തു.

റഷ്യൻ -ഉക്രെയിൻ അതിർത്തിയിൽ സംഘർഷം ഉരുണ്ടുകൂടുകയാണ്. നാറ്റോ സഖ്യവും അമേരിക്കയും ഉക്രെയിന് പിന്തുണ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതോടെ മറ്റൊരു ലോകമഹായുദ്ധത്തിന് യൂറോപ്യൻ വൻകര സാക്ഷ്യം വഹിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനൊപ്പം തന്നെ നിരവധി നിരോധനങ്ങളും വിലക്കുകളും ഉപരോധങ്ങളും കൊണ്ട് പരോക്ഷമായി പരസ്പരം തകർക്കാനും ഇരു ചേരികളും ശ്രമിക്കും. ഇത് സത്യത്തിൽ ലോകം ഇതുവരെ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നാണ് നിഷ്പക്ഷ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

റഷ്യ ഉക്രെയിനിനെ ആക്രമിക്കുന്ന സാഹചര്യം വന്നാൽ, റഷ്യയിലേക്കുള്ള ആധുനിക സാങ്കേതിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി അമേരിക്ക നിരോധിച്ചേക്കും. നേരത്തേ ചൈനീസ് സാങ്കേതിക ഭീമൻ ആയ വാവേയ് കമ്പനിക്ക് സെമി കണ്ടക്ടറുകൾ ഉൾപ്പടെയുള്ള ഉദ്പന്നങ്ങൾ നൽകുന്നത് അമേരിക്ക നിരോധിച്ചിരുന്നു. ഇതേ മാർഗ്ഗം റഷ്യയുടെ കാര്യത്തിലും പിന്തുടർന്നാൽ അവതാളത്തിലാവുക റഷ്യയുടെ നിർമ്മിതി ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങളും ബഹിരാകാശ ഗവേഷണവുമായിരിക്കും.

അതേസമയം, യൂറോപ്പിനെ കെണിയിലാക്കാൻ പുട്ടിന്റെ കൈവശം ഉള്ളത് പ്രകൃതി വാതകമാണ്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും വൈദ്യൂതി ഉദ്പാദനവും മറ്റും നടക്കുന്നത് പ്രധാനമായും റഷ്യയിൽ നിന്നെത്തുന്ന ഗ്യാസിനെ ആശ്രയിച്ചാണ്. ഹരിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച് കൂടുതൽ നിക്ഷേപവും കൂടുതൽ ഉയർന്ന തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ പാശ്ചാത്യ ശക്തികൾ മത്സരിച്ചപ്പോൾഅവർ മനസ്സിലാക്കാതെ പോയ ഒരു കാര്യമാണ് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾക്ക് ഒരിക്കലും പരമ്പരാഗത ഊർജ്ജ സ്രോതസ്സുകൾക്ക് പകരമാകാൻ കഴിയില്ല എന്ന കാര്യം.

കൽക്കരി ഉൾപ്പടെയുള്ള ഫോസിൽ ഇന്ധനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പാശ്ചാത്യ ശക്തികൾക്ക് ഊർജ്ജ ആവശ്യത്തിനായി റഷ്യ ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കെണ്ടതായി വന്നിരിക്കുന്നു. അതുതന്നെയാണ് റഷ്യൻ-ഉക്രെയിൻ സംഘർഷത്തിൽ ജർമ്മനി അയഞ്ഞ സമീപനം എടുക്കുവാനുള്ള കാരണവും. ഹരിതപദ്ധതികളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഊർജ്ജം വ്യാപകമായ ആവശ്യത്തിന് മതിയാവുകയില്ലെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ എടുത്ത തീരുമാനമാണ് ഇപ്പോൾ യൂറോപ്യൻ രാഷ്ട്രങ്ങളെ റഷ്യയുടെ കെണിയിൽ ആക്കിയിരിക്കുന്നത്.

റഷ്യ തങ്ങളുടെ പ്രകൃതിവാതകം ആയുധമാക്കിയാൽ, യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ധനചെലവും ഊർജ്ജ ചെലവും വർദ്ധിക്കും. ഇപ്പോൾ തന്നെ നാണയപ്പെരുപ്പം മൂലം കഷ്ടപ്പെടുന്ന ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലെ സാധാരണക്കാർക്ക് ജീവിതം ദുസ്സഹമാകുന്ന ഒരു സാഹചര്യം അത് സൃഷ്ടിച്ചേക്കാം. അങ്ങനെ ഈ രാജ്യങ്ങളിലും ഭരണകൂടങ്ങൾക്കെതിരെ ജനരോഷം ഉയർന്നേക്കാം. ഏതായാലും, റഷ്യൻ -ഉക്രെയിൻ യുദ്ധമുണ്ടായാൽ അത് വളരെ ദൂരവ്യാപകമായ അനന്തരഫലങ്ങൾ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.