പട്‌ന: റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനിടെ സംഘർഷം. ബിഹാറിൽ ട്രെയിനിനു തീവച്ചു. മറ്റൊരു ട്രെയിൻ കല്ലെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. റെയിൽവേ റിക്രൂട്ട്‌മെന്റ് പരീക്ഷാ രീതിയിൽ മാറ്റം വരുത്തിയെന്നാരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം നടത്തുന്നത്.

അതേ സമയം പരീക്ഷ സർക്കാർ റദ്ദാക്കുകയും പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചു വിടുകയും ചെയ്തു.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തിയ നോൺ ടെക്‌നിക്കൽ വിഭാഗത്തിലേക്കുള്ള മൽസര പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർഥികൾക്കായി വിജ്ഞാപനത്തിനു വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ചാണു സമരം. വിജ്ഞാപനത്തിൽ ഒരു പരീക്ഷയെക്കുറിച്ചു മാത്രമേ പരാമർശിച്ചിരുന്നുള്ളുവെന്നാണ് ഉദ്യോഗാർഥികൾ അവകാശപ്പെടുന്നത്.

അതേ സമയം, രണ്ടാമത്തെ പരീക്ഷയെക്കുറിച്ച് വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് അധികൃതർ വിശദീകരിക്കുന്നു. പൊതു പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്കു വിവിധ വിഭാഗങ്ങളിലേക്കായി തുടർപരീക്ഷ നടത്തുമെന്നു വ്യക്തമാക്കിയിരുന്നുവെന്നാണ് റെയിൽവേ അധികൃതരുടെ വാദം.