കാസർകോട്: റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീഴ്ച സംഭവിച്ചതു പൊലീസിനെന്നു റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ അഴിച്ചു കൊടുക്കുന്ന ആൾക്കു വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ.

രണ്ട് പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും മേലുദ്യോഗസ്ഥനു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഐ.ജിക്കും എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കുമാണ് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറിയത്.

സംഭവത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. എ.ഡി.എമ്മിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിൽ സമാനമായ കണ്ടെത്തലാണുള്ളത്.

പതാകയും കൊടിമരവുമെല്ലാം വൃത്തിയാക്കി പതാക ഉയർത്തൽ ദിവസത്തേക്കു സജ്ജമാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്. കാസർകോട് വില്ലേജ് ഓഫിസർക്കാണ് ഈ ഉത്തരവാദിത്തമുണ്ടായിരുന്നത്. പിന്നീടു പതാക കെട്ടുന്നതും ഉയർത്തുന്നതുമെല്ലാം പൊലീസിന്റെ മേൽനോട്ടത്തിലാണ്. ഉയർത്തലിനു മുൻപ് റിഹേഴ്‌സലും നടത്തണം.

വെള്ളത്തുണി ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കണം. അതിനു ശേഷമേ പതാക ഉയർത്താനുള്ള അന്തിമ അനുമതി നൽകാറുള്ളു. മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തുമ്പോൾ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പൊലീസിൽ നിന്നു ചുമതലയുള്ള ഉദ്യോഗസ്ഥനാണ്. പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന സമയത്തും പതാക തലകീഴായി പോയ കാര്യം മന്ത്രിയോ പൊലീസോ വകുപ്പ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല.

കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.

ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി എടുക്കാൻ ഉത്തരവായി. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ജില്ലാ ഭരണകൂടത്തിലെ വിവിധ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എഡിഎമ്മിനെ മാറ്റിയേക്കുമെന്നു സൂചനയുണ്ട്. ഇതിനുള്ള നടപടികൾ സർക്കാർ തലത്തിൽ നടക്കുന്നതായാണു വിവരം. ആർഡിഒ അഥുൽ പി.നാഥ് പുതിയ എഡിഎം ആകാനാണു സാധ്യത. എഡിഎമ്മിനെ മാറ്റുന്ന കാര്യത്തിൽ ഉടനെ തീരുമാനം വന്നേക്കും. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഫെബ്രുവരി രണ്ടുവരെ അവധിയിലാണ്. നേരത്തേ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ദിവസം ജില്ലയിൽ പൊതു പരിപാടികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതടക്കം ജില്ലാ ഭരണകൂടത്തിന്റെ ചില നടപടികൾ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തലതിരിഞ്ഞ പതാക ഉയർത്തൽ. സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിലിന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിഷയത്തിൽ ഗൂഡലോചനയടക്കം വല്ലതും സംഭവിച്ചോയെന്നു വിശദമായ അനേഷണം നടത്തി അതു വെളിച്ചത്തു കൊണ്ട് വരണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സീകരിക്കണമെന്നും ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ കാര്യമാണിത്. ഉദ്യോഗസ്ഥന്മാരുടെ കൃത്യവിലോപം മൂലം ഉണ്ടായതിനു മന്ത്രിയെ പഴിക്കുന്നതിൽ ഒരു ന്യായികരണവുമില്ലെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമായി ചിലർ ഉയർത്തി കാണിക്കുന്നതു ദുരൂഹത നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.