മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ റെഗുലേറ്ററി അഥോറിറ്റി (എം എച്ച് ആർ എ) ഇന്നെലെ (ജനുവരി 26) സുഷുമ്നാ നാഡിയിൽ വീക്കം ഉണ്ടാക്കുന്ന മയെലിറ്റിസ് എന്ന രോഗാവസ്ഥയെ കൂടി അസ്ട്രാസെനകാ കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഇത് വളരെ വിരളമായി മാത്രമേ സംഭവിക്കുകയുള്ളു എന്നാണ് എം എച്ച് ആർ എ പറയുന്നത്.

മാംസപേശികൾ ദുർബലപ്പെടുക, ചിലഭാഗങ്ങളിൽ മാത്രമായോ അല്ലെങ്കിൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രീതിയിലോ ഉള്ള വേദന അനുഭവപ്പെടുക, തുടങ്ങിയവയൊക്കെ ഇതുമൂലം ഉണ്ടാകാം. മാത്രമല്ല ബോവൽ സിംപ്ടംസിനും സംവേദനക്ഷമതയിലെ മാറ്റങ്ങള്ക്കും ഇത് കാരണമായേക്കാം.

ഇപ്പോൾ എം എച്ച് ആർ എ വാക്സ്സേവിര എന്ന് വിളിക്കുന്ന അസ്ട്രസെനെക വാക്സിന്റെ ഒരു ഡോസ്, ട്രാൻസ്വേഴ്സ് മയെലിറ്റിസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് നൽകരുതെന്ന് എം എച്ച് ആർ എ നിർദ്ദേശിച്ചിട്ടുണ്ട്. നാഡികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ചിലപ്പോൾ നാഡികളെ ആവരണം ചെയ്യുന്ന ഫൈബറിന് (മയെലിൻ) കേടുപാടുകൾ വരുത്തും അതുകൊണ്ടു തന്നെ സുഷ്ംനാ നാഡിയിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന സന്ദേശങ്ങൾ തടസ്സപ്പെടും.

മരുന്നുകൾ മാത്രം കൊണ്ട് ഇത് ചികിത്സിക്കാവുന്നതാണെന്ന് മായോ ക്ലിനിക് പറയുന്നു. ചിലർക്ക് റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമയി വന്നേക്കാം. മിക്കവാറും പേർക്ക് രോഗം ഭാഗികമായെങ്കിലും ഭേദമാകും എന്നാൽ, ഇത് ഗുരുതരമായി ബാധിച്ചവർക്ക് ചില വൈകല്യങ്ങൾ ഉണ്ടായേക്കാം. ചില മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രാവേഴ്സ് മയെലിറ്റിസിന്റെ ലക്ഷണങ്ങൾ പ്രകടമായേക്കാം. ചില കേസുകളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ ആഴ്‌ച്ചകൾ തന്നെ വേണ്ടി വന്നേക്കും. നടുവിന് വേദനയായിട്ടായിരിക്കും ആരംഭിക്കുക. പിന്നീട് ഈ വേദന കാലുകളിലേക്കും, കൈകളിലേക്കും, വയറിലേക്കും, നെഞ്ചിലേക്കും പടർന്നേക്കാം.

ചിലർക്ക് ചില അസാധാരണമായ സംവേദനക്ഷമത ഉടലെടുത്തേക്കാം. വസ്ത്രങ്ങൾ സ്പർശിക്കുന്നതുപോലും അസ്വസ്ഥമായേക്കാം. അതുപോലെ ചൂടും തണുപ്പും തീരെ സഹിക്കാനാകാത്ത അവസ്ഥയും വന്നുചേരാമെന്ന് മായൊ ക്ലിനിക് വൃത്തങ്ങൾ പറയുന്നു. അതുപോലെ ഇത് ബോവലിലെ ആരോഗ്യ പ്രശ്നങ്ങളാവുകയോ ബ്ലാഡറിനെ ബാധിക്കുകയോ ചെയ്താൽ കൂടെക്കൂടെ മൂത്ര വിസർജ്ജനം നടത്തേണ്ട അവസ്ഥ സംജാതമാകും. തുടർച്ചയായ മൂത്രം പോക്, അല്ലെങ്കിൽ മൂത്ര വിസർജ്ജനത്തിനുള്ള പ്രയാസം, മലബന്ധം തുടങ്ങിയവയും ഇക്കാര്യത്തിൽ ലക്ഷണങ്ങൾ ആയേക്കാം.

കോവിഡ് വാക്സിനേഷനെ തുടർന്ന് ആർക്കെങ്കിലും മയെലിറ്റിക്സിന്റെ ലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടനടി നിങ്ങളുടെ ഡോക്ടറെ സമീപിക്കണം. കോവിഡിന്റെ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യുവാൻ എൻ എച്ച് എസ് നൽകിയിട്ടുള്ള യെല്ലോ കാർഡ് ഉപയോഗിച്ചും നിങ്ങൾക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്യാവുന്നതാണ്.