ബ്രൂണെ: ബ്രൂണെയ്ക്ക് ആഘോഷമായി സുൽത്താൻ ഹസ്സനാൽ ബോൾക്കിയയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹം. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെ ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള അൽ ഹാഷ്മിയെ വിവാഹം ചെയ്തത്. ജനുവരി 16 മുതൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. സുൽത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുൾ അസീസിനുണ്ടായ മകളാണിത്.

സുൽത്താന്റെ 12 മക്കളിൽ ഒമ്പതാമത്തെ ആളാണ് ഫദ്സില്ല ലുബാബുൾ. മറിയം അബ്ദുൾ അസീസുമായി സുൽത്താൻ 2003ൽ വേർപിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ താരമായ മതീൻ രാജകുമാരനുൾപ്പെടെ നാല് മക്കളാണ് സുൽത്താന് ഹാജയിലുള്ളത്.

സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൾ ഇമാനിലായിരുന്നു വിവാഹച്ചടങ്ങുകൾ. ആഡംബരത്തിന് പേരുകേട്ട കൊട്ടാരമാണ് ബ്രൂണെ സുൽത്താന്റേത്. 1700ൽപ്പരം മുറികളുള്ള കൊട്ടാരത്തിലെ ഹാളിൽ അയ്യായിരം ആളുകൾക്ക് ഒരുമിച്ച് കൂടിച്ചേരാം. വിവാഹത്തിന്റെ മറ്റൊരു ചടങ്ങ് ബ്രൂണെയിലെ ഒമർ അലി സൈഫുദ്ദിൻ പള്ളിയിലാണ് നടന്നത്.

 
 
 
View this post on Instagram

A post shared by Mateen (@tmski)

രാജകുടുംബത്തിൽ തലമുറകളായ കൈമാറി വന്ന ആഭരണം അണിഞ്ഞുകൊണ്ടാണ് ഫദ്സില്ല വരനായ അബ്ദുള്ള അൽ ഹാഷ്മിയെ വിവാഹം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രമാണ് രാജകുമാരി വിവാഹദിവസം അണിഞ്ഞത്. മലേഷ്യൻ ഡിസൈനറായ ബെർണാർഡ് ചന്ദ്രനാണ് വിവാഹ വസ്ത്രം ഡിസൈൻ ചെയ്തത്.

ബ്രൂണെ നാഷണൽ നെറ്റ്ബോൾ ക്യാപ്റ്റനും ഹെൽത്ത്കെയർ ക്യാംപയിൻ കോർഡിനേറ്റർ കൂടിയാണ് 36 വയസ്സുകാരി ഫദ്സില്ല. രാജകുടുംബമാണെങ്കിലും വാർത്തകളിൽ അധികം ഇടം നേടാത്തയാൾ കൂടിയാണ് ഫദ്സില്ല.

ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ 75 ആം സ്ഥാനത്താണ് ബ്രൂണെ സുൽത്താനുള്ളത്. സുൽത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികൾ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. 2008ൽ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുൽത്താന്റെ ആസ്തി 20 ബില്യൺ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുൾപെടുന്നു.