പെരിന്തൽമണ്ണ: ആന്ധ്രയിൽനിന്നും ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പെരിന്തൽമണ്ണയിൽ പിടികൂടി. 46 കിലോഗ്രാം കഞ്ചാവുമായാണ് മൂന്നുപേർ അറസ്റ്റിലായത്.

മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തൻപീടികയേക്കൽ ഉസ്മാൻ(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടിൽ ഹനീഫ(40), മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനേരി മഠത്തിൽ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ.സുനിൽ പുളിക്കൽ, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായും ഏജന്റുമാരായി ജില്ലയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പരിശോധന.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഈ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആംബുലൻസിൽ രഹസ്യമായി ഒളിപ്പിച്ച് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ വൻ സാമ്പത്തിക ലാഭം ലക്ഷ്യംവച്ചാണ് കഞ്ചാവു കടത്തിലേക്കിറങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. പൊലീസ്- എക്സൈസ് അധികൃധരുടെ പരിശോധനകൾ ഒഴിവാക്കാനാണ് കഞ്ചാവുകടത്തിന് ആംബുലൻസ് ഉപയോഗിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.