മുരിക്കാശ്ശേരി : കമ്പിളികണ്ടത്ത് 12 വയസ്സുള്ള മകനെ അകാരണമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. കുരുശുകുത്തി എറമ്പിൽ റോബിൻ (42) നെയാണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന്റെ ശാരീരിക പീഡനത്തേതുടർന്ന് കർണ്ണാടക സ്വദേശിനിയായ ഭാര്യ വേർപിരിഞ്ഞ് കഴിയുകയാണ്.

പിതാവ് റോബിനും മകനും കഴിഞ്ഞ രണ്ട് മാസമായി ഒന്നിച്ച് കഴിയുകയായിരുന്നു. റോബിന്റെ കാര്യങ്ങൾ മാതാവിനെ അറിയിക്കുന്നു എന്നു പറഞ്ഞാണ് രോഗബാധിതൻ കൂടിയായ കൂടിയായ മകനെ പിതാവ് നിരന്തരം ദേഹോപദ്രവം ഏൽപിച്ചിരുന്നത്. മകൻ മാതാവിനെ ഫോണിൽ വിളിക്കുന്നതും സംസാരിക്കുന്നതും റോബിൻ വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടി മാതാവിനെ വിളിക്കുന്നത് റോബിൻ കാണുകയും ഇതിൽ പ്രകോപിതനായി കുട്ടിയെ മർദിക്കുകയുമായിരുന്നു.

പരിക്ക് ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ 16 ന് ബാലനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിളിച്ച് കുട്ടിയുടെ അവസ്ഥ ധരിപ്പിച്ചു. ചൈൽഡ് ലൈൻ അറിയിച്ചതിനെ തുടർന്ന് റോബിനെ വെള്ളത്തൂവൽ സിഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.