കോതമംഗലം: ഇരുപത്തിയൊന്ന് ചെറിയ കുപ്പികളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അബ്ദുർ റഹിം (30) ആണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്.

അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഒരു ബോട്ടിലിന് ആയിരം രൂപ മുതലാണ് ഇയാൾ വാങ്ങിയിരുന്നത്. ആസാമിൽ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അബ്ദുർ റഹിം പൊലീസിനോട് പറഞ്ഞു. ആറുമാസമായി നെല്ലിക്കുഴിയിലാണ് താമസം.

ഒരു മാസം മുമ്പാണ് ഇയാൾ ആസാമിൽ പോയി വന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് റൂറൽ ജില്ലയിൽ മയക്കുമരുന്നിനെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ നിന്നും രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ ബേസിൽ തോമസ് , എസ്‌ഐ ഇ.പി.ജോയി, എഎസ്ഐമാരായ കെ.എ.സിദിഖ്, രഘുനാഥ്, പി.എം.മുഹമ്മദ് എസ്.സി.പി.ഒ മാരായ പി.എ.ഷിയാസ്, രഞ്ജിത് നായർ, വിനോയ് കക്കാട്ടുകുടി, ടി.ആർ.ശ്രീജിത്, പി.എം.അജിംസ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.