- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ഐഡിസിയുടെ പ്രത്യേക സഹായ പദ്ധതി; പ്രവാസികൾക്ക് ഒരു വർഷത്തിനിടെ നൽകിയത് 20 കോടി രൂപയുടെ വായ്പ
തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്കായി സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) ആവിഷ്‌കരിച്ച മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിൽ ഒരു വർഷത്തിനിടെ നൽകിയത് 20 കോടി രൂപയുടെ വായ്പ. മുപ്പതോളം സംരംഭകർക്കാണ് പണം നൽകിയത്. ഇടത്തരം സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെ അഞ്ഞൂറോളം പേർക്കായി സബ്‌സിഡിയോടെയുള്ള നിക്ഷേപ മൂലധനമായി കുറഞ്ഞത് 250 കോടി രൂപ നൽകാനാണു പദ്ധതിയിട്ടത്.
സമാനമായ ഒരു പദ്ധതി നോർക്ക ആവിഷ്‌കരിച്ചതും നാട്ടിലെത്തിയ പ്രവാസികളിൽ വലിയൊരു പങ്കു മടങ്ങിപ്പോയതുമാണ് അപേക്ഷകർ കുറയാൻ കാരണമെന്നു കരുതുന്നതായി കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപതു മാസം നികുതിക്കു ശേഷം 35.61 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ കോർപറേഷനു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
25 ലക്ഷം മുതൽ 2 കോടി രൂപ വരെ 5 വർഷത്തെ തിരിച്ചടവു കാലാവധിയുള്ള ടേം ലോൺ ആയിരുന്നു വാഗ്ദാനം. സംസ്ഥാന സർക്കാരിന്റെ 3% പലിശ ഇളവ് കൂടി ലഭിക്കുന്നതോടെ 7% പലിശ നിരക്കു ലഭിക്കും.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 21.91 കോടി രൂപയായിരുന്നു. 62% വർധനയാണ് ഈ വർഷം. 2020-21ലെ ആദ്യ 9 മാസങ്ങളിൽ വായ്പയായി അനുവദിച്ചത് 154.57 കോടി രൂപയായിരുന്നു എങ്കിൽ ഇത്തവണ 213.10 കോടി രൂപയായി ഉയർന്നു. 185.5 കോടി രൂപയുടെ നിക്ഷേപ അടങ്കലിൽ 5 പദ്ധതികൾക്ക് കെഎസ്‌ഐഡിസി ബോർഡ് അംഗീകാരം നൽകി. 99.25 കോടി രൂപയുടെ വായ്പ അനുവദിച്ചു.