മലപ്പുറം: സ്വയം എഴുന്നേൽക്കാൻ കഴിയാത്ത പശുക്കളെ യന്ത്രമുപയോഗിച്ച് ഉയർത്തിനിർത്തി കുളിപ്പിക്കാം. മുറിവുകൾ വൃത്തിയാക്കാം, ഗ്ലൂക്കോസ്, മരുന്നുകൾ മുതലായവ നൽകാം. അവശത അനുഭവിക്കുന്ന കാലികളെ പരിചരിക്കാൻ കൗ ലിഫ്റ്റുമായി മലപ്പുറത്തെ യുവകർഷകൻ. കാലികളെ ഒറ്റയ്ക്ക് ഉയർത്തി ചികിത്സിക്കാവുന്ന 'കൗ ലിഫ്റ്റ്' എന്ന ഉപകരണമാണ് മലപ്പുറം ഇരിങ്ങല്ലൂർ സ്വദേശി നൗഷാദ് മേലേതൊടി വികസിപ്പിച്ചെടുത്തത്.

മൃദുലവും ഭാരം താങ്ങാൻ കഴിയുന്നതുമായ നാലു ബെൽറ്റുകളാണ് യന്ത്രത്തിന്റെ പ്രധാന ഭാഗം. ഇവ കാലികളുടെ ശരീരത്തിൽ ഘടിപ്പിച്ച് ആവശ്യാനുസരണം ഉയർത്താം. ഒരു ടൺ വരെയുള്ള ഭാരം ഉയർത്താൻ കഴിയും. ജിഐ കുഴലുകൾ ഉപയോഗിച്ച് നാലു കാലുകളിലാണ് കൗ ലിഫ്റ്റിന്റെ പ്രവർത്തനം. മുൻപിലെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചതിനാൽ ആവശ്യത്തിന് ഉരുട്ടിക്കൊണ്ടുപോകുന്നതിനും കഴിയും.

ഫാമുകൾ, സൊസൈറ്റികൾ, ആശുപത്രികൾ എന്നിവക്ക് ഇവ ഉപകാരപ്പെടുമെന്ന് നൗഷാദ് പറയുന്നു. കഴിഞ്ഞ 14 വർഷമായി ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന നൗഷാദ് പാലും പാലുൽപ്പന്നങ്ങളും സ്വന്തമായി നിർമ്മിക്കുന്നുണ്ട്. എടരിക്കോട് പുതുപ്പറമ്പിൽ അഞ്ച് ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് പശുവളർത്തലും പുൽകൃഷിയും പാൽ അനുബന്ധ വസ്തുക്കളുടെ നിർമ്മാണവും നടത്തുന്നത്. കാലികളുടെ കൊളമ്പുകൾ വെട്ടിമിനുക്കുന്ന 'ഹൂഫ് ട്രിമ്മിങ്ങി'ൽ ഇതിനകം പ്രശസ്തിനേടിയിരിക്കയാണ് നൗഷാദ്.