ബോവിക്കാനം: വളരെയധികം പിന്നോക്കം നിൽക്കുന്ന ആലൂർ മുളിയാർ പഞ്ചായത്തിലെ ആലൂർ പ്രദേശത്തെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിംജമാഅത്ത് മുളിയാർ സർക്കിൾ കമ്മിറ്റി ജനറൽ സെക്രട്ടറി ആലൂർ

ടി എ മഹ്‌മൂദ് ഹാജി കേരള മുഖ്യമന്ത്രിക്കും കാസർകോട് ജില്ലാ കളക്ടർക്കും കാസർകോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്കും നിവേദനം നൽകി.

ആലൂരിലേക്ക് സർവീസ് നടത്തിയിരുന്ന ഏക ബസ്സും സർവ്വീസ് നിറുത്തിയിട്ട് രണ്ട്വർഷം കഴിഞ്ഞു, കൂടാതെ ആലൂരിലേക്കുള്ള കെഎസ്ആർടിസി ബസ്സ് സർവീസ് നിറുത്തിയിട്ട് 25 വർഷത്തോളമായി ഇതുവരെയും ഈ രണ്ട് ബസ്സും സർവീസും പുനരാരംഭിച്ചിട്ടില്ല.

ഇതുകാരണം ആലൂരിൽ നിന്നും നാലര കിലോമീറ്റർ ദൂരമുള്ള മുളിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും, റേഷൻ ഷോപ്പിലേക്കും മറ്റും പോകുന്ന രോഗികളും, ബോവിക്കാനം സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും,ഉപ ജീവന മാർഗത്തിന് വേണ്ടി തൊട്ടടുത്ത ടൗണായ ബോവിക്കാനം, കാസർകോട്, എന്നീ സ്ഥലങ്ങളിലേക്കും പോകുന്നവരും ഈ ബസ്സിനെയാണ് ആശ്രയിച്ചിരുന്നത്. ഏക ബസ്സും സർവീസ് നിറുത്തിയത് കാരണം രോഗികളും സ്ത്രീകളും വിദ്യാർത്ഥികളുമടക്കം നാട്ടിലെ എല്ലാ ജനങ്ങളും വളരെ പ്രയാസത്തിലാണ്.

എംഎൽഎ സ്‌കീമിൽ ലഭിക്കുന്ന കെഎസ്ആർടിസി ബസ്സ് ആലൂരിലേക്ക് സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്ന് ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനു നൽകിയ നിവേദനത്തിലും മഹ്‌മൂദ് ഹാജി ആവശ്യപ്പെട്ടു.