ദുബൈ: യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയൻകോപ്, പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് രണ്ട് ക്ലിനിക്കുകൾ തുറന്നു. മുഹൈസ്‌നയിലെയും അൽഖൂസിലെയും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലാണ് എല്ലാത്തരം അസുഖങ്ങളും ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങളോടെയുള്ള ക്ലിനിക്കുകൾ പ്രവർത്തനം തുടങ്ങിയത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്‌സുമാരും ടെക്‌നീഷ്യന്മാരും അടങ്ങുന്ന പരിചയ സമ്പന്നരായ ജീവനക്കാരുടെ മേൽനോട്ടത്തിൽ ജീവനക്കാർക്ക് മെഡിക്കൽ സേവനങ്ങളും കൺസൾട്ടേഷനുകളും ഇവിടെ ലഭ്യമാവും.

യൂണിയൻകോപിലെ പുരുഷ ജീവനക്കാർക്കായുള്ള അൽ മുഹൈസ്‌നയിലെ താമസ സ്ഥലത്തും അൽ ഖൂസിലെ വനിതാ ജീവനക്കാരുടെ താമസ സ്ഥലത്തും പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് രണ്ട് മെഡിക്കൽ ക്ലിനിക്കുകൾ ആംരഭിച്ചതായി യൂണിയൻകോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടർ അഹ്‌മദ് കെനൈദ് അൽ ഫലാസി പറഞ്ഞു. ജീവനക്കാർക്ക് അവരുടെ താമസ സ്ഥലങ്ങളിൽ തന്നെ മെഡിക്കൽ സേവനങ്ങൾ എത്തിക്കാനും അവരെ മറ്റ് മെഡിക്കൽ സെന്ററുകളിലേക്ക് കൊണ്ടുപോകുമ്പോഴുള്ള സമയനഷ്ടവും പ്രയത്‌നവും കുറയ്ക്കാനും ലക്ഷ്യമിട്ട് യൂണിയൻകോപ് നടപ്പാക്കിയ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അൽഖൂസിലും മുഹൈസ്‌നയിലുമുള്ള ജീവനക്കാരുടെ എല്ലാ താമസ സ്ഥലങ്ങളിലുള്ളവർക്കും ഉപയോഗപ്രദമായ രീതിയിലാണ് രണ്ട് ക്ലിനിക്കുകളും പ്രവർത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ ബാധിക്കുന്ന എല്ലാ അസുഖങ്ങൾക്കും ഇവിടങ്ങളിൽ ചികിത്സ ലഭ്യമാവും. ഒപ്പം അത്യാഹിത സാഹചര്യങ്ങളിലും സേവനം ഉറപ്പാക്കും. ജനറൽ, ഇന്റേണൽ മെഡിസിൻ എന്നിവയ്ക്ക് പുറമെ മറ്റ് സ്‌പെഷ്യാലിറ്റികളിലും ചികിത്സ ലഭ്യമാവും. ആരോഗ്യ സേവനത്തിന് യൂണിയൻകോപ് നൽകുന്ന ഏറ്റവും വലിയ പ്രാധാന്യത്തിന്റെ കൂടി ഭാഗമായി ജീവനക്കാർക്ക് വേണ്ട ഏറ്റവും മികച്ച ആരോഗ്യ, രോഗപ്രതിരോധ ക്ലിനിക്കുകളായി ഇവ മാറുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള ചികിത്സ കൊണ്ടും രോഗപ്രതിരോധ സംവിധാനങ്ങൾ കൊണ്ടും ശ്രദ്ധേയരായ, ഏറ്റവും മികിച്ച ആരോഗ്യ സേവന ദായകരിലൊന്നാണ് പ്രൈം മെഡിക്കൽ സെന്ററെന്നും അദ്ദേഹം പറഞ്ഞു. പ്രൈം ഹെൽത്തിന്റെ ഡിസൈൻ പ്രകാരം ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ച് ആരോഗ്യ കേന്ദ്രങ്ങൾക്ക് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് യൂണിയൻകോപിന്റെ ക്ലിനിക്കുകളും ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ചികിത്സയോ അല്ലെങ്കിൽ മെഡിക്കൽ നിർദേശങ്ങളോ ആവശ്യമാവുന്ന പക്ഷം എല്ലാ ജീവനക്കാരും ഈ രണ്ട് മെഡിക്കൽ സെന്ററുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു