ദോഹ : ഖത്തറിൽ കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 9 മാസത്തിൽ അധികമായിട്ടും ബൂസ്റ്റർ ഡോസെടുക്കാത്തവരുടെ ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് ഇന്നു മുതൽ നഷ്ടമാകും. കോവിഡ് വാക്‌സിനേഷൻ കാലാവധി 9 മാസമാക്കിയുള്ള പുതിയ വ്യവസ്ഥ ഇന്ന് പ്രാബല്യത്തിൽ വരുന്നതോടെയാണിത്.

കോവിഡ് വാകസിനെടുത്തവർ എന്നതാണ് ഗോൾഡൻ ഫ്രെയിം സൂചിപ്പിക്കുന്നത്. രണ്ടാമത്തെ ഡോസെടുത്ത് 9 മാസം കഴിഞ്ഞിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരെ ഇന്നു മുതൽ വാക്‌സിനെടുക്കാത്തവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്. ഇഹ്‌തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റേറ്റസും നഷ്ടമാകും. ബൂസ്റ്റർ എടുത്തവർക്ക് വാകസിനേഷൻ കാലാവധി വീണ്ടും 9 മാസം ലഭിക്കുകയും ഇഹ്തറാസിലെ ഗോൾഡൻ സ്റ്റേറ്റസ് നിലനിൽക്കുകയും ചെയ്യും.

പുതിയ വ്യവസ്ഥ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് വന്നു സുഖം പ്രാപിച്ചവർക്കും ബാധകമാണ്. നേരത്തെ 12 മാസമായിരുന്നു വാക്‌സിനേഷൻ കാലാവധി. കോവിഡ് വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതൽ ആയവർക്കാണ്ബൂസ്റ്റർ ഡോസിന് യോഗ്യത.