കൊച്ചി: പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) തയ്യാറെടുക്കുന്ന പൊതുമേഖലാ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി)യുടെ ചെയർമാൻ എം ആർ കുമാറിന്റെ കാലാവധി ഒരു വർഷത്തേക്കു നീട്ടി. മാർച്ച് 13ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഐപിഒ പ്രക്രിയ സുഗമമായി നടക്കുന്നതിനായി കാലാവധി നീട്ടികൊടുത്തത്. രണ്ടാം തവണയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്.

2021 ജൂണിൽ മൂന്നു വർഷത്തെ നിയമനകാലാവധി അവസാനിച്ചതോടെ 2022 മാർച്ച് വരെ ഒമ്പതു മാസത്തേക്കായിരുന്നു ആദ്യ പുനർനിയമനം. മാനേജിങ് ഡയറിക്ടർമാരിൽ ഒരാളായ രാജ്കുമാറിന്റെയും കാലാവധി ഒരു വർഷത്തേക്കു നീട്ടി. എൽ ഐ സിയുടെ ഓഹരികൾ മാർച്ച് 31നു മുൻപ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമേഖലാ ആസ്തി കൈകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുലധന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഇഷ്യുവിനാണ് എൽ ഐ സി തയ്യാറെടുക്കുന്നത്.