തിരുവനന്തപുരം: മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതെ സംപ്രേഷണം തടസ്സപ്പെടുത്തിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാന ഉദാഹരണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ജനാധിപത്യ രാജ്യത്തെ ഏറ്റവും ശക്തമായ സംവിധാനമായി പ്രവർത്തിക്കേണ്ട ഒന്നാണ് മാധ്യമങ്ങൾ. ഭരണകൂടത്തോടുള്ള വിയോജിപ്പുകളെ പ്രതിപക്ഷ ബഹുമാനത്തോടെ കൂടിയാണ് സർക്കാറുകൾ സമീപിക്കേണ്ടത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകൾ തുറന്നുകാട്ടി എന്നതിന്റെ പേരിൽ സംപ്രേഷണ അനുമതി നിഷേധിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. ഇത് തികച്ചും ഏകാധിപത്യ ഭരണകൂടത്തിന്റെ രീതിയാണ്. കൃത്യമായ ഒരു വിശദീകരണവും നൽകാതെയാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു ജനാധിപത്യവിരുദ്ധ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഭരണകൂടത്തോട് ചേർന്നു നിൽക്കാത്ത മാധ്യമങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരത തന്നെയാണ്.

മാധ്യമ സ്വാതന്ത്ര്യത്തെ തടയിടുന്ന തരത്തിൽ ഭരണകൂടം ഇടപെടുന്നത് ജനാധിപത്യത്തെ കുഴിച്ചുമൂടുന്നത് തുല്യമാണ്. സ്വതന്ത്രമായ മാധ്യമപ്രവർത്തനം എന്നത് അടിസ്ഥാന ഭരണഘടന അവകാശമാണ്. അതിനെ ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്തെ തന്നെ അപകടപ്പെടുത്തുന്നതിന്റെ സൂചനയാണ്. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും തടയുന്നതിലൂടെ ഭരണഘടനാ മൂല്യങ്ങളെയാണ് കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുന്നത്. അനീതിക്കെതിരെ നിലപാട് ഉറച്ച പോരാട്ടവുമായി മുന്നേറുന്ന മീഡിയവണിന് വെൽഫെയർ പാർട്ടിയുടെ സമ്പൂർണ പിന്തുണ അറിയിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകാനാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.