ലഖ്നൗ: കോൺഗ്രസ് യുവ നേതാവ് കനയ്യ കുമാറിന് നേരെ ലഖ്നൗവിലെ കോൺഗ്രസ് ഓഫീസിൽ വെച്ച് ആക്രമണ ശ്രമം. കനയ്യയുടെ ദേഹത്ത് മഷിയൊഴിക്കാൻ ശ്രമം നടന്നു. എന്നാൽ മഷിയല്ല, ഒരുതരം ആസിഡാണ് ഒഴിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ക്യാമ്പെയിൻ ചെയ്യാനെത്തിയതായിരുന്നു കനയ്യ കുമാർ.

''അയാൾ കനയ്യ കുമാറിന് നേരെ ആസിഡ് ഒഴിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നാലും അദ്ദേഹത്തിന്റെ അടുത്തിരുന്ന മൂന്ന്-നാല് പേരുടെ ദേഹത്ത് ഇതിന്റെ കുറച്ച് തുള്ളികൾ വീണിട്ടുണ്ട്,'' കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

മഷിയൊഴിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി ലഖ്നൗവിലെത്തിയതായിരുന്നു കനയ്യ കുമാർ. അതേസമയം പ്രിയങ്ക ഗാന്ധിക്ക് വധേരക്ക് കീഴിൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് വമ്പൻ പോരാട്ടമായി മാറിയിരിക്കുകയാണെന്ന് കനയ്യ കുമാർ പ്രതികരിച്ചു.

2018ലും ഗ്വാളിയോറിൽ വെച്ച് കനയ്യ കുമാറിനും ഗുജറാത്ത് എംഎ‍ൽഎ ജിഗ്‌നേഷ് മേവാനിക്കും നേരെ മഷിയേറ് നടന്നിരുന്നു. ഹിന്ദു സേനയിലെ അംഗമായിരുന്ന മുകേഷ് പാൽ എന്നയാളായിരുന്നു ഇരുവർക്കും നേരെ അന്ന് മഷിയൊഴിച്ചത്. 2021 സെപ്റ്റംബർ 28നായിരുന്നു സിപിഐ നേതാവായിരുന്ന കനയ്യ കുമാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.