ദോഹ: രാജ്യം കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ വർദ്ധിച്ചുവരുന്ന വരുന്ന ഭരണഘടനാ ലംഘനങ്ങളും നീതി നിഷേധങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വെബ്ബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ ഭരണത്തിനു കീഴിൽ മത ന്യൂനപക്ഷങ്ങൾ കടുത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തി ഏകശിലാധിഷ്ഠിതമായ രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാർ ഭരണഘടനയെ പോലും വെല്ലുവിളിച്ച് രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
ഭരണഘടനാ മൂല്യങ്ങളെ റദ്ദ് ചെയ്തുകൊണ്ട് രാജ്യത്തെ ജന വിഭാഗങ്ങൾക്കെതിരിൽ ഭീകര നിയമങ്ങൾ ചുട്ടെടുക്കുന്ന പണിപ്പുരയിലാണ് ഫാഷിസ്റ്റ് ഭരണകൂടമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടന ഉറപ്പു നൽകുന്ന പൗരന്റെ മൗലികാവകാശങ്ങൾക്കുമേൽ കടന്നുകയറി രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ഭീകര മുദ്ര ചാർത്തി ജയിലിലടക്കുന്നു. ഭരണഘടനയ്ക്കെതിരെയുള്ള നീക്കങ്ങൾ പലകോണുകളിൽ നിന്നും വന്നുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ ജനകീയമായ ചെറുത്തുനിൽപ്പിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ പൊതുജനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനാധിപത്യത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന സംഘപരിവാർ ശക്തികൾക്കെതിരെ ജനാധിപത്യപരമായി പ്രതിരോധിക്കുന്ന സാമൂഹ്യ ജനാധിപത്യത്തിൽ ഊന്നിക്കൊണ്ടുള്ള ഒരു സംവിധാനം നമ്മുടെ രാജ്യത്ത് ആവശ്യമാണെന്നും അതിനു വേണ്ടി ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും ഭരണഘടനയുടെ കാവൽക്കാരായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹിന്ദുത്വ ഭരണകൂടം നമ്മുടെ ഭരണഘടനയെ പോലും ഭയപ്പെടുകയാണെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം നജ്മുദ്ദീൻ ഇകെ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഭരണഘടനാ മൂല്യങ്ങൾക്കുനേരെ അവർ കടന്നുകയറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കങ്ങളും ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നിയമ നിർമ്മാണങ്ങളും സംസ്ഥാനങ്ങൾക്കുമേൽ നേരിട്ട് നിയന്ത്രം ഏർപെടുത്തുന്ന ഡെപ്പ്യുട്ടേഷൻ നിയമനങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് കടമേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷഹീർ എഎം, സെക്രട്ടറി ഉസ്മാൻ ആലുവ സംസാരിച്ചു.