കുവൈത്ത് സിറ്റി: ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് തുക 503.5 കുവൈത്ത് ദീനാറായി ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി നിശ്ചയിച്ചു. ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾക്കുള്ള 2.5 ദീനാറും ഓഫീസ് ജോലികൾക്കും മറ്റുമുള്ള സർവിസ് ചാർജായ ഒരു ദീനാറുമടക്കം ആകെ ഇൻഷുറൻസ് തുക 503.5 ആയിരിക്കും.

പോളിസിയിലെ മൊത്തം വാർഷിക ചികിത്സാ ചെലവ് 10,000 ദിനാറാണ്. അതേ സമയം ആശുപത്രിക്കുള്ളിലെ ചികിത്സയ്ക്കും താമസത്തിനുമുള്ള പരമാവധി ആനുകൂല്യം 8,000 ദിനാർ ആയിരിക്കും. കൂടാതെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലെ ചികിത്സയ്ക്ക് 1500 ദിനാറും, സാധാരണ ദന്ത ചികിത്സയ്ക്ക് 500 ദിനാറുമാണ് പരമാവധി ആനുകൂല്യമായി ലഭിക്കുക.

ഇത്തരത്തിലുള്ള രേഖകൾ നൽകുന്നതിനായി ഇൻഷുറൻസ് വിഭാഗത്തിന്റെ അംഗീകാരം ലഭിച്ച കമ്പനികൾ ഒഴികെയുള്ള കമ്പനികൾ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനോ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.