ഡാളസ്: എൺപത്തിരണ്ട് വയസുള്ള വൃദ്ധനെ വടികൊണ്ടു അടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ 35 വയസുള്ള ഡാരൻ ഹാൻസനെ ഡാളസ് പൊലീസ് ജനുവരി 31 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.

സൗത്ത് ഡാളസിലായിരുന്നു സംഭവം. കവർച്ചാ ശ്രമത്തിനിടയിലാണ് വൃദ്ധന് അടിയേറ്റത്. ഞായറാഴ്ച പുലർച്ചെ സംഭവത്തെ കുറിച്ചു വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിചേർന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടന്നിരുന്ന വൃദ്ധനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല ചാൾസ് എഡ് വേർഡ് റ്റില്ലരിയാണ് കൊല്ലപ്പെട്ടത്.

ദൃക്‌സാക്ഷികൾ നൽകിയ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ഡാരൻ ഹാൻസനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വസ്ത്രത്തിൽ രക്തകറ കണ്ടെത്തിയിരുന്നു.

പ്രതിക്കെതിരെ ഇതിനു മുമ്പ് ഡാളസ് ലിക്വർ ഷോപ്പിൽ കവർച്ച നടത്തിയതിനും, 64 വയസ്സുള്ള മറ്റൊരു വൃദ്ധനെ പുറകിൽ നിന്നും ചവിട്ടി വീഴ്‌ത്തി 30 ഡോളർ കവർന്ന കേസിലും പ്രതി ചേർത്തിരുന്നു.

നീണ്ട ക്രിമിനൽ ചരിത്രം ഉള്ള പ്രതിയെ ഡാളസ് കൗണ്ടി ജയിലിൽ അടച്ചു- ജാമ്യം അനുവദിച്ചിട്ടില്ല. വൃദ്ധനെ കൊലപ്പെടുത്തിയതിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരുന്നു.