കോൺറൊ (ടെക്സസ്): തനിക്കെതിരെയും, തന്റെ ബിസിനസിനെതിരേയും യുഎസ് പ്രോസി്ക്യൂട്ടർമാർ എന്തെങ്കിലും നടപടികൾ സ്വീകരിച്ചാൽ അമേരിക്ക കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്ന് മുൻ പ്രസിഡന്റ് ട്രംപ്. ടെക്സസിലെ കോൺറോയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്പിറ്റോൾ ആക്രമണത്തിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതും, നിയമസഭാ സാമാജികൾക്കെതിരെ ഭരണഘടനാ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിനെയും ട്രംപ് കർശനമായി വിമർശിച്ചു.

വാഷിങ്ടൻ ഡിസി, ന്യുയോർക്ക്, അറ്റ്ലാന്റാ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായിരിക്കും വൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയെന്നും ട്രംപ് മുന്നറിയിപ്പു നൽകി.

ന്യുയോർക്ക് അറ്റോർണി ജനറൽ ലറ്റീഷ ജെയിംസ് തനിക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. 2024 ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും, വിജയിക്കുകയും ചെയ്താൽ ക്യാപ്പിറ്റോൾ അക്രമണത്തിൽ ശിക്ഷിക്കപ്പെട്ടവർക്ക് മാപ്പു നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പല പ്രമുഖരും രംഗത്തെത്തി.