കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ കർഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ബജറ്റ്പ്രഖ്യാപനങ്ങൾ ഗ്രാമീണ കർഷകർക്ക് പ്രായോഗിക തലത്തിൽ നേട്ടമുണ്ടാക്കില്ലെന്നും ആഗോള കാർഷിക സ്വതന്ത്രവിപണിയായി ഇന്ത്യ മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

കർഷകവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കേണ്ടിവന്നതിലെ നിരാശയും പഴയപദ്ധതികളുടെ പുനരാവിഷ്‌കരണവും മാത്രമായി യാതൊരു പുതുമയും ആകർഷകമായ കാർഷിക പദ്ധതികളുമില്ലാത്ത പുതിയ ബജറ്റ് കാർഷികമേഖലയെ വരുംനാളുകളിൽ പുറകോട്ടടിക്കും. നെല്ലിനും ഗോതമ്പിനും താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടിയുടെ പ്രഖ്യാപനവും രാവസവളരഹിത കൃഷി പ്രോത്സാഹനം, കാർഷിക സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം, വിളകളുടെ സംഭരണം എന്നിവ സ്ഥിരം പദ്ധതികളുടെ ഭാഗംതന്നെയാണ്. ഗ്രാമീണ കാർഷികമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന പദ്ധതികൾ ബജറ്റിലില്ല. എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കുമെന്ന് സൂചിപ്പിക്കുമ്പോഴും ആഭ്യന്തര ഉത്പാദന വർദ്ധനവിനുള്ള പദ്ധതികളിൽ കൃത്യതയും വ്യക്തതയുമില്ല. നദീ സംയോജനപദ്ധതികൾ ഏതാനും സംസ്ഥാനങ്ങൾക്കു മാത്രമുള്ളതാണ്. ഈ പദ്ധതിയുടെ നടപ്പിലാക്കൽ പ്രക്രിയ അത്ര എളുപ്പമായിരിക്കില്ല. സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുത്താൽ മാത്രമേ കേന്ദ്രസർക്കാർ പദ്ധതികൾ ഗ്രാമീണ ജനതയിലെത്തിക്കാനാവൂയെന്ന യാഥാർത്ഥ്യം കേന്ദ്രബജറ്റ് തിരിച്ചറിയുന്നില്ല. ഒരു രാജ്യം ഒറ്റ രജിസ്ട്രേഷൻ എന്ന ഭൂമി രജിസ്ട്രേഷൻ പദ്ധതിയും സാധാരണക്കാരായ കർഷകർക്ക് ഗുണം ചെയ്യില്ല.

പ്രത്യേക സാമ്പത്തികമേഖല നിയമത്തിന്റെ സമഗ്രമാറ്റവും പുതിയ ചട്ടങ്ങളും ഇറക്കുമതിത്തീരുവയിലെ ഉദാരവൽക്കരണ പരിഷ്‌കാരങ്ങളും കാർഷികമേഖലയ്ക്ക് തിരിച്ചടിയാകും. ഇവ ലക്ഷ്യംവെയ്ക്കുന്നത് നികുതി രഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിക്ക് സാഹചര്യം സൃഷ്ടിക്കുകയാണ്. ഇന്ത്യ ഏർപ്പെടാനൊരുങ്ങുന്ന പുതിയ സ്വതന്ത്രവ്യാപാരക്കരാറുകൾക്ക് ഈ നിർദ്ദേശങ്ങൾ ഊർജ്ജം പകരുമ്പോൾ ആഗോള വിപണിയായി ഇന്ത്യ മാറും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതിയും 1500 കോടിയും പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമായും റബർ മേഖലയും ലക്ഷ്യംവച്ചാണ്. കേന്ദ്രസർക്കാർ വൻ മുതൽമുടക്കാണ് ഇതിനോടകം ഈ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റബറധിഷ്ഠിത വ്യവസായ ഇടനാഴിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മാറുമ്പോൾ തിരിച്ചടി നേരിടുന്നത് കേരളത്തിന്റെ റബറധിഷ്ഠിത കാർഷിക സമ്പദ്ഘടനയായിരിക്കും.

2022ൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ഇന്ത്യയിലെ കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി സർക്കാർ നൽകിയ വാഗ്ദാനം പാഴ്‌വാക്കായി ബജറ്റിലൂടെ മാറിയിരിക്കുന്നുവെന്നും കോർപ്പറേറ്റുകൾക്ക് കാർഷികമേഖലയെ തീറെഴുതി ഗ്രാമീണ കർഷകനെ വാഗ്ദാനങ്ങൾ നൽകി അപമാനിക്കുന്ന ബജറ്റാണ് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.