കോഴിക്കോട്: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനജീവിതം ദുസ്സഹമായിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബജറ്റ് ജനങ്ങൾ നേരിടുന്ന ഗുരുതര പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നില്ലെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ. മാറിമാറി വരുന്ന കോവിഡ് വകഭേദങ്ങൾ നിരവധി കുടംബങ്ങളുടെ ഉപജീവനം നഷ്ടപ്പെടാനും ആയിരങ്ങളെ നിത്യദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും ഇടയാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധിക്ക് ക്രിയാൽമകമായ പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ 39,000 കോടി രൂപ വാക്‌സിനേഷനായി നീക്കിവെച്ചിടത്ത് ഇപ്പോൾ 5000 കോടി രൂപ മാത്രം നീക്കിവെച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകും. തൊഴിലില്ലായ്മ, ആരോഗ്യ പരിപാലനം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളെ പാടെ അവഗണിക്കുന്ന ബജറ്റാണിത്. എയിംസ്, റെയിൽവേ സോൺ തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളോട് പുറം തിരിഞ്ഞുനിൽക്കുന്ന ബജറ്റാണിത്. തൊഴിലുറപ്പ് പദ്ധതിക്കുണ്ടായിരുന്ന ബജറ്റ് വിഹിതം 25,000 കോടി വെട്ടിക്കുറച്ച നടപടി സംസ്ഥാനത്തിന് പ്രതിസന്ധിയാകും.

കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ സബ്സിഡി വലിയ തോതിൽ വെട്ടിക്കുറച്ചിരിക്കുകയാണ്.രാസവളത്തിന് 1.40 ലക്ഷം കോടിയിൽ നിന്ന് 1.05 ലക്ഷം കോടിയായും ഭക്ഷ്യവസ്തുക്കൾക്ക് 2.95 ലക്ഷം കോടിയിൽ നിന്ന് 2.1 ലക്ഷം കോടി രൂപയായും പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് 6517 കോടി രൂപയിൽ നിന്ന്5,813 കോടി രൂപയായും സബ്സിഡി വെട്ടിക്കുറച്ചിരിക്കുകയാണ്. കാർഷിക- കാർഷിക അനുബന്ധ മേഖലയ്ക്കുള്ള ബജറ്റ് വകയിരുത്തൽ മൊത്തം ബജറ്റിന്റെ 4.26% എന്നതിൽ നിന്നും 3.86 % ആയും വെട്ടിക്കുറച്ചു. കാർഷിക മേഖലയിൽ 16,000 കോടി രൂപയുടെയും ഗ്രാമീണ വികസന മേഖലയിൽ 14,000 കോടി രൂപയുടെയും കുറവാണ് വരുത്തിയിരിക്കുന്നത്. എല്ലാ വിളകൾക്കും മിനിമം സഹായ വില പ്രഖ്യാപിക്കണം എന്ന കർഷകരുടെ ആവശ്യം അവഗണിക്കുക മാത്രമല്ല സംഭരിക്കുന്ന രണ്ട് വിളകളുടെയും (നെല്ല്, ഗോതമ്പ്) അളവ് കുറച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം 1286 ലക്ഷം ടൺ പ്രൊക്യുർമെന്റിന് ബജറ്റിൽ നിർദ്ദേശമുണ്ടായിരുന്നത്
ഇത്തവണ 1208 ലക്ഷം ടൺ ആയാണ് കുറച്ചിരിക്കുന്നത്. കർഷകർക്കുള്ള പേമെന്റ് 2.48 ലക്ഷം കോടിയിൽ നിന്ന് 2. 36 ലക്ഷം കോടി രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം കോർപ്പറേറ്റുകൾക്ക് മാത്രം ഗുണം ചെയ്യുന്ന മെഗാ ഇൻഫ്രാസ്ട്രക്ചർ നിർമ്മിതികൾക്ക് വാരിക്കോരി കൊടുത്തിട്ടുമുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങിനെ വിറ്റഴിക്കാം എന്നതിനാണ് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. എയർ ഇന്ത്യക്ക് പിന്നാലെ എൽഐസിയും സ്വകാര്യവൽക്കരിക്കും എന്ന പ്രഖ്യാപനം ബിജെപി സർക്കാരിന്റെ സാമൂഹിക പ്രതിബദ്ധതയില്ലായ്മ വ്യക്തമാക്കുന്നു. പൗരന്മാരുടെ മേൽ അമിത നികുതി ഈടാക്കിയും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചും സാമ്പത്തിക വരുമാനം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും എ കെ സലാഹുദ്ദീൻ പറഞ്ഞു.