ലഖ്നൗ: ആർഎൽഡി നേതാവിനെ ബിജെപിയിൽ ചേരുന്നതിന് അമിത് ഷാ ക്ഷണിച്ചിരുന്നതായി രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി. ബിജെപിയിൽ ചേർന്നാൽ നിങ്ങളെ ഹേമമാലിനിയാക്കാമെന്ന് അമിത് ഷാ ആർഎൽഡി നേതാവ് യോഗേഷ് നോവാറിനോട് വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് ജയന്ത് ചൗധരി വെളിപ്പെടുത്തിയത്. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയന്ത് ചൗധരി ഇക്കാര്യം പറഞ്ഞത്.

'യോഗേഷ് ഞങ്ങളോടൊപ്പം ചേരൂ. ഞാൻ നിങ്ങളെ ഹേമമാലിനിയാക്കാം', എന്ന് അമിത് ഷാ യോഗേഷ് നോവാറിനോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗേഷ് നോവാറിനെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു ജയന്ത് ചൗധരിയുടെ വെളിപ്പെടുത്തൽ.

'എനിക്ക് ഹേമമാലിനി ആകേണ്ട, എന്നെ പ്രീണിപ്പിച്ചതുകൊണ്ട് നിങ്ങൾക്കെന്താണ് കിട്ടുക? ലഖിംപുരിൽ കൊല്ലപ്പെട്ട ഏഴ് കർഷകരുടെ കുടുംബത്തോട് ബിജെപി എന്താണ് ചെയ്തത്? എന്തുകൊണ്ടാണ് അജയ് മിശ്ര മന്ത്രിയായി തുടരുന്നത്', ജയന്ത് ചൗധരി ചോദിച്ചു.

യുപി തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിലാണ് ജയന്ത് ചൗധരിയുടെ ആർഎൽഡി മത്സരിക്കുന്നത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ജാട്ട് വിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ജയന്ത് ചൗധരി.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാട്ട് വിഭാഗത്തിൽപ്പെട്ട നേതാക്കളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ, ആർഎൽഡിക്കു മുന്നിൽ ബിജെപിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആർഎൽഡിയെ അഖിലേഷ് യാദവ് കൈയൊഴിയുമെന്ന് പിന്നീട് അമിത് ഷാ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു.