ന്യൂഡൽഹി: കായിക ഓസ്‌കർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. വഴിത്തിരിവാകുന്ന മുന്നേറ്റങ്ങൾക്കുള്ള വിഭാഗത്തിലാണ് നാമനിർദ്ദേശം. ടോക്കിയോ ഒളിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ മികവിനാണ് അംഗീകാരം.

ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സിൽ ആദ്യമായി സ്വർണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 എന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്.

ജാവലിൻ താരമായ നീരജ് ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം കണ്ടെത്തിയാണ് സ്വർണമെഡൽ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്‌കാരത്തിന് നാമനിർദ്ദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300-ൽ അധികം സ്പോർട്സ് ജേണലിസ്റ്റുകൾ ചേർന്നാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. വിജയിയുടെ പേര് ഏപ്രിലിൽ പ്രഖ്യാപിക്കും.

18-ാം വയസ്സിൽ യു.എസ്.ഓപ്പൺ കിരീടം നേടിയ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മ റാഡുകാനു, ലോക രണ്ടാം നമ്പർ പുരുഷ ടെന്നീസ് താരം റഷ്യയുടെ ഡാനിൽ മെദ്വദേവ്, ബാഴ്സലോണയുടെ യുവ ഫുട്ബോളർ പെഡ്രി, ട്രിപ്പിൾ ജംപിൽ ലോകറെക്കോഡ് നേടിയ യൂളിമർ റോജാസ്, നീന്തൽ താരം അറിയാർനെ ടിറ്റ്മസ് എന്നിവരാണ് വേൾഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയർ 2022 പുരസ്‌കാരത്തിന് നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കുന്നത്.

മറ്റ് ചുരുക്കപ്പട്ടികകൾ

ലോറസ് പുരസ്‌കാരത്തിലെ മറ്റ് വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനായി അമേരിക്കൻ ഫുട്‌ബോൾ താരം ടോം ബ്രാഡി, പോളിഷ് ഫുട്‌ബോൾ താരം റോബർട്ട് ലെവൻഡോവ്‌സ്‌കി, ഫോർമുല വൺ ചാമ്പ്യൻ മാക്‌സ് വെർസ്റ്റപ്പൻ, ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, മാരത്തോൺ ഇതിഹാസം എലിയൂഡ് കിപ്ചോഗെ, അമേരിക്കൻ നീന്തൽ താരം കെയ്ലബ് ഡ്രെസ്സൽ എന്നിവർ മത്സരിക്കും.

മികച്ച വനിതാ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ജെമൈക്കൻ സ്പ്രിന്റ് വിസ്മയം എലെയിൻ തോംസൺ, അമേരിക്കയുടെ അലിസൺ ഫെലിക്‌സ്, ഓസ്‌ട്രേലിയൻ നീന്തൽ താരം എമ്മ മക്കോൺ, അമേരിക്കൻ നീന്തൽ താരം കാറ്റി ലെഡെക്കി എന്നിവർ ഇടം കണ്ടെത്തി. യൂറോ കപ്പ് നേടിയ ഇറ്റാലിയൻ ടീം, കോപ്പ അമേരിക്ക കിരീടം നേടിയ ലിയോണൽ മെസിയുടെ അർജന്റീന, ബാഴ്‌സലോണ വനിതാ ഫുട്‌ബോൾ ടീം, ചൈനയുടെ ഒളിംപിക് ഡൈവിങ് ടീം, ഫോർമുല വൺ കിരീടം നേടിയ മെഴ്‌സിഡീസ് തുടങ്ങിയ ടീമുകൾ മികച്ച ടീമിനുള്ള പുരസ്‌കാരത്തിനായി മത്സരിക്കും

ടോക്കിയോ ഒളിംപികസിൽ മാനസിക സമ്മർദ്ദം അതിജീവിച്ച് മെഡൽ നേടിയ അമേരിക്കൻ ജിംനാസ്റ്റ് സിമോൺ ബൈൽസ് അടക്കം നാല് പേർക്ക് മികച്ച തിരിച്ചുവരവിന് നാമനിർദ്ദേശം ലഭിച്ചു.