- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്വന്തിന്റെ ദുരൂഹ മരണം: ആക്ഷൻ കമ്മിറ്റിയുടെ പരാതി കമ്മീഷണർക്ക്; ആത്മഹത്യയ്ക്ക് ഒരുസാഹചര്യവും ഇല്ലെന്ന് വീട്ടുകാരും; കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക് വിദ്യാർത്ഥിയുടെ മരണം ഡിസംബർ ഒന്നിന്
കോഴിക്കോട്: വിദ്യാർത്ഥി കോളേജിലെ ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. പേരാമ്പ്ര നരയംകുളം തച്ചറോത്ത് ശശിയുടെ മകൻ കണ്ണൂർ തോട്ടട ഗവ: പോളിടെക്‌നിക്കിൽ മൂന്നാം വർഷ വിദ്യാർത്ഥി അശ്വന്തി(20)ന്റെ ദുരൂഹ മരണത്തെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോയ്ക്ക് നിവേദനം നൽകി.
ആക്ഷൻ കമ്മിറ്റി ചെയർപേഴ്‌സനും വാർഡ് മെമ്പറുമായ ടി പി ഉഷ, ടി ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണ വിവരം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും അതിനു ശേഷം ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവാമെന്നും കമ്മീഷണർ ഉറപ്പ് നൽകി.
കണ്ണൂർ തോട്ടട ഗവ: പോളിടെക്‌നിക്കിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. 2021 ഡിസംബർ ഒന്നിന് രാവിലെയാണ് അശ്വന്തിനെ പോളിടെക്‌നിക്ക് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാൻ യാതൊരു സാഹചര്യവും നിലവിലില്ലെന്നിരിക്കെ മരണത്തിൽ വലിയ ദുരൂഹതയുണ്ടെന്നാണ് നിവേദനത്തിൽ പറയുന്നത്.
ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചു കിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തൂങ്ങിയതായി പറയുന്നത്. ഫാനിൽ നിന്ന് അഴിച്ചു കിടത്തിയവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നുംം പറയുന്നു.
മരിക്കുന്ന ദിവസം പുലർച്ചെ 1.56 വരെ അശ്വന്ത് വാട്‌സ് ആപ്പിൽ ഉണ്ടായിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും ഫോൺ വിവരങ്ങൾ ഇതു വരെ ലഭിച്ചിട്ടില്ല. മരിക്കുന്ന ദിവസം രാത്രി ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്ക് തലക്ക് മുറിവേറ്റിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു. കോളജ് ഹോസ്റ്റലിൽ പുറത്തു നിന്നുള്ള ആളുകൾ പ്രവേശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലിൽ നിൽക്കാൻ കഴിയാത്തത്ര മോശമായ സാഹചര്യമുള്ളതുകൊണ്ട് ഒന്നാം വർഷ വിദ്യാർത്ഥികൾ ടി സി വാങ്ങി പോയ സംഭവം ഉണ്ടായിട്ടുണ്ട്. അന്വേഷണ പരിധിയിൽ ഇതെല്ലാം ഉൾപ്പെടുത്തണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.