- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങളും പ്രവർത്തനങ്ങളും; അടിമാലി ഫോറസ്റ്റ് ഓഫീസ് ഇടുക്കി ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ.സർട്ടിഫൈഡ് ഓഫീസ്
അടിമാലി: ഇടുക്കി ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ.സർട്ടിഫൈഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസായി അടിമാലി ഫോറസ്റ്റ് ഓഫീസിനെ തിരഞ്ഞെടുത്തു. ഈ ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന മികച്ച സേവനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തിയാണ്
അംഗീകാരം.
വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ, ആദിവാസി വിഭാഗത്തിനായി നൽകിയ വിവിധ സേവനങ്ങൾ, വനംകുറ്റകൃത്യം തടയുന്നതിനും കണ്ടുപിടിക്കുന്നതിനുള്ള മികവ്, മണ്ണൊലിപ്പ് സംരക്ഷണ പ്രവർത്തനങ്ങൾ, പ്രകൃതി സൗഹൃദ ഓഫീസ്, മികച്ച അടിസ്ഥാന സൗകര്യം, പൊതുജന സൗഹൃദ ഓഫീസ് എന്നിവയുടെ അടിസ്ഥാനത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്.
ഐ .എസ്. ഒ. പ്രതിനിധികൾ മൂന്നു മാസക്കാലം നടത്തിയ പരിശോധനകളും നിർദ്ദേശങ്ങൾ അനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അടിമാലി റേഞ്ചിന് ഈ പദവി നൽകിയത്. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് വിശ്രമിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുവാനുമുള്ള സൗകര്യം ഈ ഓഫീസിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിവിധ റിസർച്ചുകൾക്കും പഠനാവശ്യങ്ങൾക്കുമായി ഓഫീസിൽ എത്തുന്ന വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും അറിവിനായി ഓഫീസ് കോമ്പൗണ്ടിൽ നിൽക്കുന്ന വൃക്ഷങ്ങളുടേയും സസ്യങ്ങളുടേയും പേര്, ശാസ്ത്രനാമം എന്നിവ രേഖപ്പെടുത്തിയ ബോർഡുകൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം, പ്രകൃതി സൗഹാർദ്ദ മുളവേലി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഗ്രീൻ പ്രോട്ടോക്കോൾ അന്തരീക്ഷം എന്നിവ ഈ ഓഫീസിന്റെ മാത്രം പ്രത്യേകതയാണ്.
വനത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. ഇതിനെ നേരിടാൻ 24 മണികൂറും പ്രവർത്തിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിന് ആദ്യമായി രൂപം നൽകിയത് ഈ റേഞ്ചിലാണ്. അടിമാലി റെയിഞ്ചിന്റെ പരിധിയിൽ 22 ആദിവാസി സെറ്റിൽമെന്റുകൾ ഉണ്ട്.
ആദിവാസി സമൂഹത്തെ ചൂഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി വന സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ കുറത്തി കുടിയിൽ തേൻ വിപണന കേന്ദ്രം തുടങ്ങി. കാട്ടു തീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആദിവാസികൾക്ക് പ്രോൽസാഹനം നൽകുകയും അവർക്ക് തൊഴിൽ നൽകുകയും ചെയ്തു.
നവമാധ്യമങ്ങൾ മുഖാന്തിരം ഓഫീസിൽ നിന്നുള്ള സേവനങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്ന തരത്തിലുള്ള നിരവധി പരിഷ്‌ക്കാരങ്ങളും പ്രവർത്തനങ്ങളുമാണ് അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നടപ്പിലാക്കിയിരിക്കുന്നത്. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ രാജു .കെ ഫ്രാൻസിസ് ഐ എഫ് എസ്, റെയിഞ്ച് ഓഫീസർ കെ.വി. രതീഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.