ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായി എക്‌സ്‌പോ വേദിയിലെ യുഎഇ പവലിയനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോ 2020-ലെ 'കേരള വീക്കി'ൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. പിണറായി വിജയനെ സ്വീകരിച്ച വിവരം ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത് മലയാളത്തിലാണ്.

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ 'കേരള വീക്കി'ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മലയാളി സമൂഹത്തോട് കാട്ടുന്ന സ്‌നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളിൽ യു എ ഇ ആവിഷ്‌കരിച്ച നൂതന പദ്ധതികളെ പ്രശംസിച്ച പിണറായി വിജയൻ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പിണറായി വിജയൻ ചർച്ച നടത്തി.  എമിറേറ്റ്‌സ് എയർലൈൻസ് ഗ്രൂപ്പ് ചെയർമാനും ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ ഷെയ്ഖ് അഹ്‌മദ് ബിൻ സഈദ് അൽ മക്തൂം, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ മന്ത്രി പി രാജീവ്, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫ് അലി, കോൺസൽ ജനറൽ അമൻ പുരി എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വ്യവസായ മന്ത്രി പി.രാജീവ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ദിവസം മലയാളികളുമായി സംവദിക്കും. നോർക്കയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് അൽനാസർ ലെഷർലാൻഡിലാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. പ്രവാസിക്ഷേമ വകുപ്പിന്റെ ചുമതലകൂടിയുള്ള മന്ത്രി മുഖ്യമന്ത്രി. എന്റർപ്രണേഴ്‌സ് മീറ്റ്, ബിസിനസ് മീറ്റ്, തുടങ്ങിയ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും.