തൊടുപുഴ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളും 8.33 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. പട്ടയംകവല ആർപ്പാമറ്റം കണ്ടത്തിൻകര കെ.കെ. ഹാരിസി(താടി ഹാരിസ്-31) നെയാണ് അറസ്റ്റ് ചെയ്തത്. 27.5 ഗ്രാം എഡിഎംഎ, 250 ഗ്രാം കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്. ലഹരി മരുന്ന് വിറ്റു കിട്ടിയ പണമാണ് കിടപ്പുമുറിയിവൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. തൊടുപുഴ പൊലീസും ഡിസ്ട്രിക് ആൻഡ് നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും നടത്തിയ നർകോട്ടിക് സെല്ലും ചേർന്ന് സംഘടിപ്പിച്ച സ്‌പെഷ്യൽ ഡ്രൈവിനിടെയിലാണ് ഇയാൾ കുടുങ്ങിയത്.കോളേജ് വിദ്യാർത്ഥികൾക്കും സിനിമ മേഖലയിൽ ഉൾപ്പടെയുള്ളവർക്കും ഇയാൾ വീര്യം കൂടിയ ലഹരി മരുന്നുകൾ എത്തിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഡിവൈഎസ്‌പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ വി സി. വിഷ്ണുകുമാർ, എസ്ഐ ചാക്കോ, ഉണ്ണിക്കൃഷ്ണൻ, എസ്ഐമാരായ ഷംസുദ്ദീൻ, ഉണ്ണി, സിപിഒ മഹേശ്വരൻ, അനൂപ്, ഹരീഷ്, എൻ.വി. ജിഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. അടുത്തിടെയായി നിരവധി മയക്ക് മരുന്ന് കേസുകളാണ് തൊടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പിടികൂടുന്നത്. ഇതിൽ അധികവും പട്ടയംകവല, ഇടവെട്ടി, പെരുമ്പിള്ളിച്ചിറ മേഖലകൾ കേന്ദ്രീകരിച്ചാണ്. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നതിനായി ഇതിന് സമീപം വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നവരും നിരവധിയാണ്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.