ഡാളസ് : ഡാളസിലെ പ്രമുഖ വിമാനതാവളമായ ലൗവ് ഫീൽഡ് എയർപോർട്ടിൽ നിന്നും പുറപ്പെടേണ്ടതും വന്നു ചേരേണ്ടതുമായ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി സൗത്ത് വെസ്റ്റ് കമ്പനി അധികൃതർ ചൊവാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചു.

ബുധനാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാത്രി വരെ ഡാളസിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുന്നതിനാലാണ് വിമാനം സർവീസുകൾ ക്യാൻസൽ ചെയ്തിരിക്കുന്നത് .

ഇവിടെ കനത്ത ഹിമപാതവും ഐസ് മഴയും വളരെ താഴ്ന്ന താപനിലയുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത് .

ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് എയർലൈൻസ് ടെക്‌സസ് ,ആർക്കൻസാസ്, കാൻസസ് , ഒക്കലഹോമ , ടെന്നിസി തുടങ്ങിയ 13 എയർപ്പോർട്ടുകളിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് ട്രാവൽ അഡൈ്വസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയം ഉണ്ടായ കനത്ത ഹിമപാതവും , ഐസും മഴയും ടെക്‌സസ് ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. രണ്ടു മൂന്നു ദിവസങ്ങളാണ് വൈദ്യതി ബന്ധം പോലും വിഛേദിക്കപ്പെട്ട് മരം കോച്ചുന്ന തണുപ്പിൽ വീടുകളിൽ കഴിയേണ്ടി വന്നത് . ചില സ്ഥലങ്ങളിൽ വൈദ്യതി പുനഃസ്ഥാപിക്കപ്പെട്ടത് ഒരാഴ്ചക്ക് ശേഷമാണ് .

ഡാളസ് ഐ.എസ്.ഡിയിലെ മുഴുവൻ സ്‌കൂളുകൾക്കും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട് . ഗാർലന്റ് ഐ.എസ്.ഡി വ്യാഴാഴ്ച സ്‌കൂളുകൾ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട് .