കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇന്ത്യയിലെ പ്രവാസി സമൂഹത്തെ സമ്പൂർണ്ണമായി അവഗണി ച്ചിരിക്കുകയാണെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റിഇറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വിദേശ കരുതലിന്റെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തെ കേന്ദ്രബജറ്റിൽ നിന്ന് സമ്പൂർണമായി അവഗണിച്ചത് ശരിയായ നടപടിയില്ല.

എണ്ണവിലയിലെ വ്യതിയാനം, ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സ്വദേശിവത്കരണം, കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ടും, സംരംഭങ്ങൾ നടത്താൻ സാധിക്കാതെ വരുമാനം നിലച്ച് നാട്ടിൽ മടങ്ങി വന്നിട്ടുള്ള പ്രവാസികളുടെ പുനരധിവാസത്തിനും, പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും, മറ്റു സാമ്പത്തിക സഹായങ്ങൾ ഇത്തരക്കാർക്ക് നൽകുന്നതിനുമുള്ള യാതൊരു നിർദ്ദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. പ്രവാസി സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാമ്പത്തിക പാക്കേജും പരിഗണിക്കപ്പെട്ടില്ല. കോടതി വിധികൾ ഉണ്ടായിട്ടും കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടുപോയ പ്രവാസി കുടുംബങ്ങൾക്കുള്ള സഹായത്തിന്റെ വിഷയത്തിലും ഒരു പ്രഖ്യാപനവുമില്ല. നാളുകളായി പ്രവാസികൾ ആവശ്യപ്പെടുന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്കുള്ള ക്ഷേമ ,പെൻഷൻ പദ്ധതികളും പരിഗണിക്കപ്പെട്ടിട്ടില്ല. കോടതി വിധി ഉണ്ടായിട്ടും കേന്ദ്ര പ്രവാസി കമ്മീഷൻ വേണമെന്ന പ്രവാസികളുടെ ദീർഘനാളത്തെ ആവശ്യവും പൂർണ്ണമായും നിരാകരിച്ചു.

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുള്ള ഒരു നിർദ്ദേശവും ബജറ്റിലില്ല. മാറിവരുന്ന വിദേശ തൊഴിൽ വിപണിക്ക് അനുസൃതമായി പ്രവാസികൾക്ക് പരിശീലനം നൽകാനുള്ള നിർദ്ദേശങ്ങളും ബജറ്റിൽ പരാമർശിക്കപ്പെട്ടിട്ടില്ല. ചിപ്പുകൾ പിടിപ്പിച്ചതും പുത്തൻ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചതും ആയ ഇ-പാസ്‌പോർട്ട് സംവിധാനമാണ് ഒരു പ്രധാന പ്രഖ്യാപനം.കോവിഡു മഹാമാരി മൂലം തൊഴിൽ നഷ്ടം, വരുമാന നഷ്ടം, വിദേശയാത്രാ തടസ്സം, ബാങ്കുകളിലെ വായ്പ തിരിച്ചടക്കാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ വലിയ പ്രതിസന്ധികളിലൂടെയാണ് സാധാരണക്കായ പ്രവാസികൾ കടന്നു പോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വലിയ സംഭാവന നൽകുന്ന പ്രവാസി സമൂഹത്തിനായി അടിയന്തിര പുനരധിവാസ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ഓവർസീസ് എൻ സി പി പ്രസ്താവനയിൽ അറിയിച്ചു