തിരുവനന്തപുരം: തലസ്ഥാനത്തുള്ള യുവതിയെ അപമാനിച്ചന്ന കേസിൽ വിദേശത്ത് തങ്ങുന്ന ബാലരാമപുരം സ്വദേശിയായ യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി കോടതി. കുറ്റകൃത്യം ചെയ്ത് വിദേശത്ത് തങ്ങുന്ന പ്രതിക്ക് ഇന്ത്യൻ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് തിരുവനന്തപുരം ജില്ലാ കോടതി വ്യക്തമാക്കി.

തലസ്ഥാനത്തെ യുവതിയോട് വിദേശത്തിരുന്ന് വി.ഒ. ഐ. പി കോളിലൂടെ അപമര്യാതയായി പെരുമാറുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്‌തെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ ക്രൈം കേസിലാണ് ബാലരാമപുരം സ്വദേശിയായ യുവാവിന് മുൻകൂർ ജാമ്യം നിഷേധിച്ചത്. സങ്കീർണ്ണ നിയമ പ്രശ്‌നം വ്യാഖ്യാനിച്ചാണ് അഞ്ചാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

വിദേശത്ത് കഴിയുന്ന ബാലരാമപുരം തേമ്പാമുട്ടം വാറുവിളാകത്ത് കടയറ വീട്ടിൽ പങ്കജാക്ഷൻ മകൻ പ്രണവ് കൃഷ്ണ (29) എന്ന യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ അറസ്റ്റ് ഭയന്നുള്ള മുൻകൂർ ജാമ്യ ഹർജിയുടെ വകുപ്പ് 438 ആണ് കോടതി വ്യാഖ്യാനിച്ചത്.

വിദേശ രാജ്യത്തിരുന്ന് മുൻകൂർ ജാമ്യത്തിന്റെ ആഡംബരം ആസ്വദിക്കാനാവില്ല. ജാമ്യ ഉത്തരവും കരസ്ഥമാക്കി തോന്നുമ്പോൾ ഇന്ത്യയിൽ വന്ന് ജാമ്യ ഉത്തരവും കാണിച്ച് പോകാമെന്ന് കരുതണ്ടന്നും കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. നിലവിൽ ഇന്ത്യയിൽ താമസിക്കുന്നയാൾക്ക് മാത്രമേ മുൻകൂർ ജാമ്യത്തിന് ഇന്ത്യയിലെ കോടതിയിൽ അപേക്ഷിക്കാനർഹതയുള്ളുവെന്നും ജില്ലാ കോടതി വ്യക്തമാക്കി.

ജാമ്യമനുവദിച്ചാൽ ഇന്ത്യ വിടരുതെന്ന കണ്ടീഷൻ എങ്ങനെ എഴുതുമെന്നും കോടതി ചോദിച്ചു.വിദേശ രാജ്യത്തിരുന്ന് ഇന്ത്യൻ കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്.

2021 ഏപ്രിൽ 25 മുതൽ ഒക്ടോബർ 5 വരെ വിവിധ തീയതികളിലായി വിദേശ രാജ്യത്തിരുന്ന് പ്രതി സ്മാർട്ടു ഫോണിൽ ലഭ്യമായ ' വി ഒഐ പി കാൾ സർവീസ് ' സാങ്കേതിക വിദ്യയുപയോഗിച്ച് തലസ്ഥാന ജില്ലയിലെ യുവതിയെ വിളിച്ച് ശല്യം ചെയ്യുകയും സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ പ്രതി മറ്റു വ്യക്തികളുടെ ഫോൺ നമ്പരുകൾ ദുരുപയോഗം ചെയ്തും യുവതിയെ വിളിച്ച് യുവതിക്ക് മാനസിക വേദനയുണ്ടാക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്തത്.

അതേ സമയം പ്രതിക്ക് മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്നും ആരോപണം കളവും കെട്ടിച്ചമച്ചതാണെന്നും മുൻകൂർ ജാമ്യമനുവദിക്കണമെന്നുമുള്ള പ്രതിയുടെ വാദം കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചതായും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവാവിനെതിരെ കേസെടുത്തത്.