- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുനീത് രാജ്കുമാറിന് ആദരാഞ്ജലി അർപ്പിച്ച് അല്ലു അർജുൻ; ബംഗളൂരുവിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് തെലുങ്ക് താരം അല്ലു അർജുൻ. ബംഗളൂരുവിലെ വീട്ടിലെത്തിയാണ് പുനീതിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. പുനീതിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്ന തന്റെ ചിത്രം അല്ലു അർജുൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
'പുനീത് ഗാരുവിന് എന്റെ വിനീതമായ ആദരം. രാജ്കുമാർ ഗാരുവിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ആരാധകർക്കും എന്റെ ബഹുമാനം', ചിത്രങ്ങൾക്കൊപ്പം അല്ലു സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബർ 29നായിരുന്നു ആരാധകർ അപ്പുവെന്ന് വിളിച്ച പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46കാരനായ പുനീതിന്റെ അന്ത്യം. സ്വന്തം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയ്ക്കു പുറത്ത് നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങിയ പുനീത് ഒരു സിനിമാതാരം എന്നതിലുപരി ജനമനസ്സിൽ ഇടംപിടിച്ച ആളായിരുന്നു. പുനീതിന്റെ ആഗ്രഹം പോലെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകളും ദാനം ചെയ്യപ്പെട്ടു.
അതേസമയം 'പുഷ്പ' നേടിയ വൻ വിജയത്തിന്റെ തിളക്കത്തിലാണ് അല്ലു അർജുൻ. ഇന്ത്യയിൽ സിനിമയിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകശ്രദ്ധ നേടി. എടുത്തുപറയേണ്ടത് ഹിന്ദി പതിപ്പ് നേടിയ വിജയമായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി നേടിയിരുന്നു. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു ശേഷം ഉത്തരേന്ത്യയിലെ നിരവധി തിയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്.


