- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഹൈക്കമാൻഡിന് വേണ്ടത് തങ്ങളുടെ താളത്തിന് തുളുന്ന മുഖ്യമന്ത്രിയെ'; തിരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് നവജ്യോത് സിങ് സിദ്ദു
ചണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. തങ്ങളുടെ താളത്തിനൊത്ത് തുളുന്ന ദുർബ്ബല മുഖ്യമന്ത്രിയെയാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് സിദ്ദു തുറന്നടിച്ചു. ഫെബ്രുവരി ആറിന് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിമർശനം.
പഞ്ചാബിലെ വോട്ടർമാരണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. പുതിയ പഞ്ചാബ് ഉണ്ടാക്കണമെങ്കിൽ അത് മുഖ്യമന്ത്രിയുടെ കൈയിലാണ്. ദുർബ്ബലനായ മുഖ്യമന്ത്രിയെ നിങ്ങൾക്ക് വേണമോയെന്നും സിദ്ദു ചോദിച്ചു. നേരത്തെ തന്റെ ഭർത്താവ് ഒരു ഹീറോയാണെന്നും മുഖ്യമന്ത്രിയായി പാർട്ടി ആരെ തെരഞ്ഞെടുത്താലും പ്രശ്നമല്ലെന്നും നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെയും കൗർ വിമർശനം ഉന്നയിച്ചു. മന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചിരുന്നെങ്കിൽ അദ്ദേഹവുമായി ആർക്കും പ്രശ്നമുണ്ടാകുമായിരുന്നില്ല. അദ്ദേഹം ജോലി ചെയ്യുകയും മറ്റ് മന്ത്രിമാരെ ബഹുമാനിക്കുകയും ചെയ്യണമായിരുന്നുവെന്നും കൗർ കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 18-ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനം പഞ്ചാബാണ്. എന്നാൽ ആ പ്രതീക്ഷയേക്കാൾ പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്നത്.
ക്യാപ്റ്റൻ അമരീന്ദർ സിങ് പാർട്ടിയിൽ നിന്ന് പുറത്ത് പോയതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതിനാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർണയിക്കുക എന്നത് തന്നെയാണ് കോൺഗ്രസ് നേരിടുന്ന പ്രധാന തലവേദന.
നിലവിലെ മുഖ്യമന്ത്രി ഛരൺ ജിത് സിങ് ഛന്നി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. എന്നാൽ സംസ്ഥാനത്തെ കൂടുതൽ എംഎൽഎമാരും തനിക്കൊപ്പമായിരുന്നെന്ന പ്രസ്താവനയുമായി മുതിർന്ന നേതാവ് സുനിൽ ജാഖർ രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രാജിവച്ചതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 42 എംഎൽഎ മാരുടെ പിന്തുണ ലഭിച്ചിരുന്നെന്ന് സുനിൽ ജാഖർ അവകാശപ്പെട്ടിരുന്നു.




