പാലക്കാട്: വിദേശത്തുനിന്ന് എത്തുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വിദേശയാത്ര പശ്ചാത്തലവുമായി ബന്ധപ്പെട്ട പരിഹാസവുമായി മുൻ എംഎ‍ൽഎ വി.ടി. ബൽറാം. 'വിദേശത്തു നിന്ന് വരുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ,' ബൽറാം ഫേസ്‌ബുക്കിൽ എഴുതി.


അതേസമയം, സംസ്ഥാനത്ത് വിദേശത്തുനിന്ന് എത്തുന്നവരുടെ നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാൻ കോവിഡ് അവലോകന യോഗത്തിന്റെ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യോഗം തീരുമാനിച്ചത്.

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി.രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.

അന്താരാഷ്ട്ര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർ.ടി.പി.സി.ആർ. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.

വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.