- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയാന ആദ്യം കിടന്നു; പിന്നാലെ മുട്ടിച്ചേർന്ന് അവന്റെ അമ്മയും; ഇളവെയിൽ എറ്റുള്ള ആ ഉറക്കം നീണ്ടത് ഒരു മണിക്കൂറോളം; കാവലായി ഇരുപതോളം വരുന്ന ആനക്കൂട്ടം; സഞ്ചാരികൾക്ക് കൗതുകമായ ആനക്കുളത്തു നിന്നുള്ള അപൂർവ കാഴ്ച
അടിമാലി: കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു. പിന്നാലെ മാതാവും. പിന്നെ പരിസരം പോലും നോക്കാതെ ഉറക്കം. മുട്ടിച്ചേർന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം . തള്ള ആനയും കുഞ്ഞും ഉറക്കമായതോടെ ഇരുപതോളം വരുന്ന ആനക്കൂട്ടം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിലായി.പിന്നെ ആനക്കൂട്ടം കിടന്ന അമ്മയ്ക്കും കുഞ്ഞിനും കാവൽ നിൽക്കുന്നതു പോലെ വട്ടംചുറ്റി നടക്കാൻ തുടങ്ങി.
ഇളവെയിൽ കൊണ്ട് ഏകദേശം ഒരു മണിക്കൂറുറോളം ഉറക്കം കഴിഞ്ഞ് തള്ളയും കുഞ്ഞും ഉണർന്നതോടെ ആനക്കൂട്ടം വീണ്ടും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി. പിന്നെ നിമിഷങ്ങൾക്കുള്ളിൽ ആനക്കൂട്ടം അപ്രത്യക്ഷമായി.
കാണികൾ ആനകളെ കാണാൻ നിൽക്കാറുള്ള പാതയോരത്തു നിന്നും കഷ്ടി 15 മീറ്ററോളം അകലത്തിലായിരുന്നു അമ്മ ആനയുടെയും കുഞ്ഞിന്റെയും ഉറക്കം. ഇന്ന് രാവിലെ ആനക്കുളം ഓരീന്റെ തീരത്താണ് കാഴ്ചക്കാരിൽ കൗതുകമുണർത്തിയ ഈ സംഭവം അരങ്ങേറിയത്.
വേനൽ കടുത്തതോടെ ആനക്കുളത്തേയ്‌ക്കെത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. ഇന്നും കാട്ടാനക്കൂട്ടം എത്തി. രാവിലെ തന്നെ ഓരിൽ ഇരുപതോളം കാട്ടാനകൾ ഉണ്ടായിരുന്നു. കുറേനേരം വെള്ളം കുടിച്ചതിനുശേഷം തീരത്തേയ്ക്ക് കയറിയ കാട്ടാനകൾ ഓരിനടുത്ത് തന്നെ നിലയുറപ്പിച്ചു.
എന്താണ് ആനക്കൂട്ടം നിൽക്കാൻ കാരണമെന്ന് കാഴ്ചക്കാർക്ക് പെട്ടെന്ന് മനസിലായില്ല. പരിസരം നന്നായി വീക്ഷിച്ചവരാണ് കുഞ്ഞും തള്ളയാനയും പുൽപരപ്പിൽ കിടന്ന് ഉറങ്ങുന്നത് കാണികളുടെ ശ്രദ്ധയിൽപെട്ടത്.
ആനയ്ക്കും കുഞ്ഞിനും ഓരിലെ വെള്ളം കുടിച്ച് മത്തായതായിക്കാം എന്ന സംശമാണ് ഈ കാഴ്ച കണ്ട നാട്ടുകാർക്കുള്ളത്. ഈ സമയം ഇതുവഴിയെത്തിയ നിശാന്ത് ശശിധരനാണ് ദൃശ്യം കാമറയിലാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.