- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ആയിരം രൂപ കൈക്കൂലി; പണം വാങ്ങുന്നതിനിടെ സർജനെ വിജിലൻസ് കയ്യോടെ പിടികൂടി
മലപ്പുറം: സർക്കാർ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ ആയിരം രൂപ കൈക്കൂലി. കാഴ്ചക്കുറവുള്ള വയോധികയുടെ കാൽവിരൽ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തുന്നതിന് പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജനെ വിജിലൻസ് കയ്യോടെ പിടികൂടി.
സർജൻ കെ.ടി രാജേഷി(49)നെയാണ് മലപ്പുറം വിജിലൻസ് ഡിവൈഎസ്‌പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഡോക്ടറുടെ പരിശോധനാ മുറിയിൽ നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് അറിയിച്ചു. ഇന്നലെ വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്ക് സമീപം രോഗികളെ പരിശോധിച്ചിരുന്ന മുറിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്.
ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം(30) നൽകിയ ആയിരം രൂപ വാങ്ങിയയുടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇതേസമയം ഡോക്ടറുടെ പാതായ്ക്കര കാർഗിലിലെ വീട്ടിൽ സിഐ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാആശുപത്രിയിൽ സിഐ എം. ഗംഗാധരന്റെയും നേതൃത്വത്തിലും പരിശോധന നടത്തി.
കഴിഞ്ഞ ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടെ അഡ്‌മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും മാതാവിന്റെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാൻ പറഞ്ഞ് ഡിസ്ചാർജ് ചെയ്തു. പലകാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ അന്വേഷണത്തിൽ പണം നൽകാത്തതാണ് കാരണമെന്നു മനസിലായി. 28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു.
എന്നാൽ വളരെ മോശമായി പെരുമാറുകയും മരുന്നു നൽകി വിടുകയും ചെയ്തു. നേരിട്ട് പരിശോധനാസ്ഥലത്തെത്തി കാണാനും ആവശ്യപ്പെട്ടു. ഇതേത്തുടർന്നു വിജിലൻസിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നൽകി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടർ നിർദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്‌മിറ്റ് ചെയ്ത് വൈകീട്ട് വിജിലൻസ് നൽകിയ പണവുമായാണ് ഡോക്ടറെ കണ്ടത്.
കോട്ടക്കൽ കൃഷി ഓഫീസർ എം വി വൈശാഖൻ, കൂട്ടിലങ്ങാടി കൃഷി ഓഫീസർ ആർ. ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് അറസ്റ്റു നടപടികൾ സ്വീകരിച്ചത്. എസ്ഐമാരായ പി. മോഹൻദാസ്, പി.എൻ. മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എഎസ്ഐമാരായ സലീം, ഹനീഫ, പൊലീസുകാരായ പ്രജിത്ത്, ജിറ്റ്‌സ്, ദിനേശ്, രാജീവ്, വിജയകുമാർ, സബൂർ, ശ്യാമ, ഷിഹാബ്, സനൽ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.