ലോസ് ആഞ്ചലസ്: കലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് സിറ്റിയിൽ മണിക്കൂറിലെ മിനിമം വേതനം 15 ഡോളറിൽ നിന്നും 16.04 ഡോളറാക്കി ഉയർത്തുമെന്ന് മേയർ എറിക്ക ഗാർസിറ്റി അറിയിച്ചു . ജൂലൈ ഒന്ന് മുതൽ പുതിയ വേതനം നിലവിൽ വരുമെന്ന് വ്യാഴാഴ്ച മേയർ പറഞ്ഞു. ഇത് സംബന്ധിച്ച് സിറ്റി ലീഡർമാർ പ്രമേയം പാസാക്കി.

സിറ്റിയുടെ സാമ്പത്തിക സ്ഥിതി 2015 നെ അപേക്ഷിച്ച് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അതോടൊപ്പം ഹൗസിങ് കോസ്റ്റ്, ഗ്യാസ് ഉത്പന്നങ്ങളുടെ വില എന്നിവ ക്രമാതീതമായി ഉയരുകയും ചെയ്തിട്ടുണ്ട് . ഭവനരഹിതരുടെ പ്രശ്‌നമാണ് സിറ്റി അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വിഷയം . പൊതുവായ പണപ്പെരുപ്പം സാധനങ്ങളുടെ വില വർദ്ധിപ്പിച്ചിരിക്കുന്നു.

ജനുവരിയിൽ മിനിമം വേതനം മണിക്കൂറിൽ പതിനഞ്ചു ഡോളറാക്കി ഉയർത്തിയിരുന്നു . ഇന്നത്തെ ദിവസം നിങ്ങൾക്ക് എല്ലാവർക്കും ആഹ്‌ളാദിക്കാനുള്ള അവസരമാണ് ആയിരകണക്കിന് ജീവനക്കാർക്കാണ് വേതന വർദ്ധനവിന്റെ ഗുണം ലഭിക്കുന്നത്.

തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുന്നതിന് തൊഴിലുടമകൾ സമ്മതിച്ചപ്പോൾ, വേതന വർധനവിനെ സഹർഷം സ്വാഗതം ചെയ്ത് തൊഴിൽ സംഘടനകളും രംഗത്ത് വന്നു.

വേതന വർധനവ് ജൂലായ് ഒന്ന് മുതൽ നിലവിൽ വരുമ്പോൾ ജീവനക്കാരുടെ ജോലി ചെയ്യുന്ന മണിക്കൂറുകൾ വെട്ടി കുറക്കേണ്ടി വരുമെന്ന് ഒരു വിഭാഗം തൊഴിലുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറ്റി സ്വാകാര്യ ജീവനക്കാർ എന്നിവർക്കും വേതനവർധനവ് ലഭിക്കുമെന്നും മേയർ അറിയിച്ചു.