ഡാളസ്: ബുധനാഴ്ച മുതൽ നോർത്ത് ടെക്‌സിൽ മഞ്ഞു വീഴ്ചയും മഴയും ഐസും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച (ഫെബ്രുവരി 2) രാത്രി മുതൽ ഞായറാഴ്ചവരെ (ഫെബ്രുവരി 6) ഡാർട്ട് ((DART) സർവീസ് നിർത്തിവയ്ക്കുന്നതായി അധികൃതർ അറിയിച്ചു.

റെയിൽ സർവീസുകൾ ബുധനാഴ്ച അവസാനിപ്പിച്ചു. ഇത് ഞായറാഴ്ച വൈകീട്ട് പുനരാരംഭിക്കും. ഞായറാഴ്ചയിലെ സമയവിവര പട്ടിക ലഭിക്കണമെങ്കിൽ dart.org പരിശോധിക്കണം.ബസ് സർവീസ് ഞായറാഴ്ച രാവിലെ അഞ്ചിന് ആരംഭിക്കും.

റെയിൽ സർവീസ് തടസപ്പെടുന്നതിന് പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മുകളിലൂടെ പോകുന്ന കേബിളുകളിൽ ഐസ് രൂപപ്പെടാൻ സാധ്യതയുള്ളതുകൊണ്ടാണെന്നാണ്.

ബസ് സർവീസും, റെയ്ൽ സർവീസും, സ്ട്രീറ്റ് കാർ സർവീസും നിർത്തലാക്കുന്നതോടെ ഇതിനെ ആശ്രയിക്കുന്ന നിരവധി പേർക്കാണ് കൃത്യസമയത്തു ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് എത്തിചേരാൻ സാധിക്കാതെ വരിക.

ബുധനാഴ്ച അർദ്ധരാത്രി മുതൽ രണ്ടു മൂന്നു ദിവസത്തേക്ക് ഡാളസിലെ ജനജീവിതം ആകെ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇതേ സാഹചര്യം ഉണ്ടായതിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകൾ നിലനിൽക്കുന്നു. രണ്ടു മൂന്നു ദിവസം പൂർണ്ണമായും വൈദ്യുതി നിലച്ചതിനാൽ വെള്ളവും, ചൂടും ലഭിക്കാതെ പതിനായിരങ്ങളാണ് വീടുകളിലും, ജോലിസ്ഥലങ്ങളിലുമായി കുടുങ്ങി കിടക്കേണ്ടിവന്നത്.